രാജപുരം ബൈബിൾ കൺവൻഷന് ഇന്നു സമാപനം
1540208
Sunday, April 6, 2025 6:59 AM IST
രാജപുരം: ആയിരങ്ങൾക്ക് ആത്മീയ ഉണർവേകിക്കൊണ്ട് രാജപുരം സ്കൂൾ മൈതാനത്ത് നടക്കുന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവൻഷന് ഇന്ന് സമാപനം. സമാപന ദിനത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യ കാർമികത്വം വഹിക്കും.
കരിവേടകം സെന്റ് മേരീസ് പള്ളി വികാരി ഫാ. അനീഷ് ചക്കിട്ടമുറി, ചുള്ളിക്കര സെന്റ് മേരീസ് പള്ളി വികാരി ഫാ. റോജി മുകളേൽ എന്നിവർ സഹകാർമികരാകും. പോട്ട ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം നയിക്കുന്ന കൺവൻഷൻ ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.
ഇന്നലെ നടന്ന ദിവ്യബലിക്ക് കൊട്ടോടി സെന്റ് ആന്സ് പള്ളി വികാരി ഫാ. സനീഷ് കയ്യാലക്കകത്ത് മുഖ്യകാർമികത്വം വഹിച്ചു. രാജപുരം, പനത്തടി ഫൊറോനകളിലെ വൈദികർ സഹകാർമികരായി. കൺവൻഷന്റെ ഭാഗമായി ഇന്നലെ രാവിലെ നടന്ന യുവജന സംഗമം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു.
കൺവൻഷനിൽ പങ്കെടുത്ത യുവജനങ്ങളുമായി അദ്ദേഹം സംവദിച്ചു.
യുവജനങ്ങൾ വിശ്വാസത്തിൽ നിന്ന് അടിപതറാതെ കാലഘട്ടത്തിന്റെ പ്രതിസന്ധികളെ സമചിത്തതയോടെ നേരിടണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ലോകത്തിന്റെ ഏതു ഭാഗത്തിരുന്നാലും ദൈവവിശ്വാസത്തിന്റെ പവിത്രതയും വിശ്വാസ സമൂഹത്തിന്റെ കൂട്ടായ്മയും വളർത്തിയെടുക്കാൻ യുവജനങ്ങൾ ശ്രദ്ധിക്കണമെന്നും വിശ്വാസം അതിന്റെ ആത്മീയതയും പവിത്രതയും കാത്തുസൂക്ഷിച്ചുകൊണ്ട് വരുംതലമുറയ്ക്ക് പകർന്ന് നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക, കുടുംബ ബന്ധങ്ങളിൽ സത്യസന്ധതയോടെ ഇടപെടണം. യൗവനത്തിന്റെ വിശുദ്ധിയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കരുതലോടെ പ്രതിരോധിക്കണമെന്നും മാർ പണ്ടാരശേരിൽ യുവജനങ്ങളോടാവശ്യപ്പെട്ടു.