തൊഴിലാളികൾ മാലിന്യത്തിന് തീയിട്ടു; ദേശീയപാത കരാറുകാർക്ക് 10000 രൂപ പിഴയിട്ട് പഞ്ചായത്ത്
1540363
Monday, April 7, 2025 1:06 AM IST
പെരിയ: പുല്ലൂർ പാലത്തിന് സമീപം ദേശീയപാത നിർമാണ തൊഴിലാളികൾ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് നിർമാണ കരാറുകാർക്ക് 10000 രൂപ പിഴയിട്ട് പുല്ലൂർ-പെരിയ പഞ്ചായത്ത്. ദേശീയപാതാ കരാറുകാരായ മേഘ എൻജിനീയറിംഗ് അധികൃതരിൽ നിന്നാണ് പിഴയീടാക്കിയത്.
ശനിയാഴ്ച പകൽ പ്രദേശമാകെ പുകയും പ്ലാസ്റ്റിക് കത്തിക്കുന്ന മണവും പരന്നതോടെയാണ് നാട്ടുകാർ പഞ്ചായത്തിന് പരാതി നല്കിയത്. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബി.കെ.ദീപയും ജീവനക്കാരൻ വിനോദ് കൃഷ്ണനും സ്ഥലത്തെത്തി പരിശോധന നടത്തി. തൊഴിലാളികൾക്ക് താത്കാലിക താമസസൗകര്യം ഒരുക്കിയ സ്ഥലത്തിനു സമീപത്താണ് മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്.
നേരത്തേയും ഇവിടെ പരിസരം വൃത്തിഹീനമാക്കുന്നതായി നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. പ്രദേശത്ത് വേറെയും പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടതായും പരിശോധനയിൽ കണ്ടെത്തി. തുടർന്ന് പഞ്ചായത്ത് അധികൃതർ മേഘ എൻജിനീയറിംഗ് ലെയ്സൺ ഓഫീസറെ വിവരമറിയിച്ച് നടപടിയെടുക്കുകയായിരുന്നു.