മാലിന്യ മുക്തം നവകേരളം: ജില്ലയിലെ മികച്ച ടൗണിനുള്ള പുരസ്കാരം വെള്ളരിക്കുണ്ടിന്
1540360
Monday, April 7, 2025 1:06 AM IST
വെള്ളരിക്കുണ്ട്: മാലിന്യമുക്തം നവകേരളം പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച ടൗണിനുള്ള പുരസ്കാരം വെള്ളരിക്കുണ്ടിന്. മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനത്തോടനുബന്ധിച്ച് കാസർഗോഡ് നഗരസഭ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനിൽ നിന്ന് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാർഡ് മെംബർ കെ.ആർ. വിനു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, ജോർജ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ പുരസ്കാരം ഏറ്റുവാങ്ങി.
ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിൽ പൂച്ചെടികൾ വച്ചുപിടിപ്പിച്ചും പാതയോരങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടും ഹരിതം വെള്ളരിക്കുണ്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരു വർഷമായി നടത്തിയ പ്രവർത്തനങ്ങളാണ് വെള്ളരിക്കുണ്ടിന് പുരസ്കാരം നേടാൻ വഴിയൊരുക്കിയത്.
പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പുരസ്കാരങ്ങളും ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകർ നേടിയിരുന്നു.
ഒടയംചാൽ-ചെറുപുഴ റോഡിൽ മങ്കയം മുതൽ വെള്ളരിക്കുണ്ട് ടൗൺ വരെയും വെള്ളരിക്കുണ്ട് - കൊന്നക്കാട് റോഡിൽ പോലീസ് സ്റ്റേഷൻ വരെയുമുള്ള പാതയോരങ്ങളിലെല്ലാം ഹരിതം വെള്ളരിക്കുണ്ട് പ്രവർത്തകർ ഫലവൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്.
പൊതുസ്ഥാപനങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഹരിതം വെള്ളരിക്കുണ്ടിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ നട്ടിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, വാർഡ് മെംബർ കെ.ആർ. വിനു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ, ദിലീപ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ പ്രവർത്തനം തുടങ്ങിയത്.