സ്വന്തമായി എൽഇഡി ബൾബ് നിർമിച്ച് വിപണിയിലിറക്കാൻ ഒരു സർക്കാർ വിദ്യാലയം
1540195
Sunday, April 6, 2025 6:55 AM IST
ബദിയടുക്ക: കരകൗശല വസ്തുക്കളോ കളിപ്പാട്ടങ്ങളോ നോട്ടുബുക്കുകളോ ഒന്നുമല്ല, സ്വന്തമായി എൽഇഡി ബൾബുകൾ നിർമിച്ച് വിപണിയിലിറക്കാനൊരുങ്ങുകയാണ് പെർഡാല ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾ.
സ്കൂളിലെ പരിസ്ഥിതി ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ ഇതിനകം അഞ്ഞൂറോളം ബൾബുകൾ സ്വന്തമായി നിർമിച്ചുകഴിഞ്ഞു. ഇവ പരീക്ഷണാടിസ്ഥാനത്തിൽ വില്പന നടത്തുകയും ചെയ്തു. ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുള്ള വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയതിനുശേഷം ബൾബുകൾ ഓൺലൈനായി വിപണിയിലിറക്കാനാണ് തീരുമാനം.
ഒൻപത് വാട്ട് ബൾബുകൾ ഒരെണ്ണത്തിന് 50 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. കൂടുതൽ ശേഷിയുള്ള ബൾബുകളും നിർമിക്കുന്നുണ്ട്. ദീപാവലിക്കും മറ്റും തെളിയിക്കുന്ന മൺചെരാതിന്റെ രൂപത്തിൽ വെള്ളമൊഴിച്ചാൽ തെളിയുന്ന സ്മാർട്ട് ബൾബ്, വൈദ്യുതിയില്ലാത്ത സമയത്ത് പ്രകാശിക്കുന്ന റീചാർജബിൾ ബൾബ് എന്നിങ്ങനെ വ്യത്യസ്ത മാതൃകകളിലുള്ള ബൾബുകളും നിർമിക്കുന്നുണ്ട്.
മുറിയിൽ ആളുകൾ കയറിയാൽ ഉടൻ പ്രകാശിക്കുകയും പുറത്തിറങ്ങിയാൽ താനേ അണയുകയും ചെയ്യുന്ന ബൾബുകൾ നിർമിക്കുന്നതിനുള്ള പരിശീലനവും കുട്ടികൾ നേടിയിട്ടുണ്ട്. ഇവയും താമസിയാതെ നിർമിച്ച് വിപണിയിലിറക്കും.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഹരിതസേനയുടെ എൻവയൺമെന്റൽ എജുക്കേഷൻ പ്രോഗ്രാമിന്റെ (ഇഇപി) ഭാഗമായാണ് സ്കൂളിലെ 60 കുട്ടികൾക്ക് എൽഇഡി ബൾബ് നിർമാണത്തിൽ പരിശീലനം നല്കിയത്. മലപ്പുറം സ്വദേശിയായ പി.സാബിറായിരുന്നു പരിശീലകൻ. ലിറ്റിൽ കൈറ്റ്സിന്റെ സഹകരണത്തോടെയാണ് ബൾബുകൾ ഓൺലൈനായി വില്പന നടത്തുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഓരോ ബൾബിലും അവയുടെ കവറിലും സ്കൂളിന്റെ പേര് രേഖപ്പെടുത്തും.
സ്കൂൾ പരിസ്ഥിതി ക്ലബ് കൺവീനർ ഡി.ശ്രീധരൻ, മുഖ്യാധ്യാപിക ബി.ഷീബ, അധ്യാപകരായ രഞ്ജിത്, ഷാഹിദ്, നിഷ, ആര്യ, ബിനുമോൾ, പിടിഎ പ്രസിഡന്റ് അഷ്റഫ് മുനിയൂർ, കുമ്പള ബിആർസിയിലെ കോ-ഓർഡിനേറ്റർ എ.സുരേഷ് എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.