കോട്ടപ്പുറം ഓർച്ചയിലും ഉപ്പുവെള്ളം ദുരിതമാകുന്നു
1540999
Wednesday, April 9, 2025 1:50 AM IST
നീലേശ്വരം: കൊടുംവേനലിലും ഉപ്പുവെള്ളത്തിനു നടുവിൽ കഴിയാൻ വിധിക്കപ്പെട്ട നിലയിലാണ് നീലേശ്വരം നഗരസഭയിലെ 22-ാം വാർഡിൽ ഉൾപ്പെട്ട കോട്ടപ്പുറം ഓർച്ച നിവാസികൾ. പാലങ്ങളുടെ നിർമാണം മൂലം പുഴയുടെ സുഗമമായ ഒഴുക്ക് തടസപ്പെട്ടതാണ് മുമ്പെങ്ങുമില്ലാത്തവിധം വേലിയേറ്റ സമയത്ത് പറമ്പുകളിലും കൃഷിയിടങ്ങളിലും ഉപ്പുവെള്ളം കയറാൻ കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
വാർഡിലെ 40 കുടുംബങ്ങളെങ്കിലും ഉപ്പുവെള്ളത്തിനു നടുവിൽ കഴിയേണ്ട അവസ്ഥയിലാണ്. 10 വീടുകളുടെ മുറ്റത്തുവരെ വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തെ വേനൽക്കാല പച്ചക്കറിക്കൃഷി പൂർണമായും നശിച്ചു. കരയിടിച്ചിൽ കാരണം പുഴയോരത്തെ റോഡും വിണ്ടുകീറിയ നിലയിലാണ്. ഓർച്ചയിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള പുറത്തേക്കൈ പ്രദേശത്തും ഇതേ അവസ്ഥയാണ്. ഒരാഴ്ചമുമ്പ് ഇവിടം സന്ദർശിച്ച കളക്ടർ കെ. ഇമ്പശേഖർ ഉപ്പുവെള്ളം കയറുന്നത് തടയാനുള്ള വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
ഈ പദ്ധതിയിൽ ഓർച്ച പ്രദേശത്തെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ കളക്ടറെ നേരിൽ കണ്ട് നിവേദനം നല്കിയിട്ടുണ്ട്. കോട്ടപ്പുറം വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം, നഗരസഭയിലെ യുഡിഎഫ് കക്ഷിനേതാവ് ഇ. ഷജീർ, കെ.വി. ശശികുമാർ എന്നിവർ സംബന്ധിച്ചു.