മൈലാട്ടിയിലും മുള്ളേരിയയിലും ബെസ് വരുന്നു
1540369
Monday, April 7, 2025 1:06 AM IST
കാസർഗോഡ്: പകൽസമയം അധികമായി ലഭിക്കുന്ന സൗരോർജ വൈദ്യുതി ബാറ്ററി സംവിധാനത്തിൽ സൂക്ഷിച്ചുവച്ച് വൈദ്യുതി ഉപഭോഗം കൂടുന്ന സമയങ്ങളിൽ ലൈനിലേക്ക് നല്കുന്നതിനുള്ള ബെസ് (ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം) സംവിധാനം ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്നു.
മൈലാട്ടിയിൽ 500 മെഗാവാട്ട് അവറും മുള്ളേരിയയിൽ 60 മെഗാവാട്ട് അവറും സ്ഥാപിതശേഷിയുള്ള ബെസ് ആണ് സ്ഥാപിക്കുന്നത്.
സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ സർക്കാർ, സർക്കാരിതര ഏജൻസികളാണ് ബെസ് സംവിധാനം സ്ഥാപിക്കുക. വൈദ്യുതി ഉപഭോഗം കൂടുന്ന സമയങ്ങളിൽ ഈ സംവിധാനങ്ങളിൽ നിന്ന് കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് വൈദ്യുതി നല്കും.
ഈ സംവിധാനം നിലവിൽ വരുന്നതോടെ വേനൽക്കാലങ്ങളിൽ അമിത വൈദ്യുതി ഉപഭോഗം മൂലം ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടിവരുന്ന അവസ്ഥ ഇല്ലാതാക്കാമെന്നാണ് പ്രതീക്ഷ. കരാർ പ്രകാരം ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി കെഎസ്ഇബിക്ക് വൈദ്യുതി നല്കണം. പദ്ധതി സ്ഥാപിക്കുന്നതിനുള്ള സ്ഥലം കെഎസ്ഇബി വിട്ടുനല്കും.
കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനാണ് മുള്ളേരിയയിൽ ബെസ് സംവിധാനം സ്ഥാപിക്കുന്നതിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത്. മൈലാട്ടിയിൽ കരാർ നടപടികൾ അന്തിമഘട്ടത്തിലാണ്.
മുള്ളേരിയയ്ക്കൊപ്പം കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്ത് 160 മെഗാവാട്ട് അവർ ശേഷിയുള്ള ബെസ് സ്ഥാപിക്കുന്നതിനുള്ള കരാറും നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷൻ ഏറ്റെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് (160 മെഗാവാട്ട്), മലപ്പുറം ജില്ലയിലെ അരീക്കോട് (120 മെഗാവാട്ട്) എന്നിവയാണ് ഇവർ കരാർ ഏറ്റെടുത്തിട്ടുള്ള മറ്റിടങ്ങൾ.