അയല്‍വാസിയുടെ നായ കുരച്ചത് തുണയായി; ജീവന് തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ വീട്ടമ്മ
1540361
Monday, April 7, 2025 1:06 AM IST
കാസര്‍ഗോഡ്: തനിച്ചുതാമസിക്കുന്ന വീട്ടമ്മയെ അപായപ്പെടുത്തി കവര്‍ച്ചാശ്രമം. ചെമ്മനാട് കെന്‍സ് ഓഡിറ്റോറിയത്തിനു സമീപത്തെ കമലാക്ഷിയുടെ (63) വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കള്ളന് കയറിയത്.
സംഭവത്തെക്കുറിച്ച് കമാലക്ഷി പറയുന്നു. "ചെറിയ ഓടിട്ട വീട്ടില്‍ വര്‍ഷങ്ങളായി തനിച്ചാണ് താമസം. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചു. മക്കളില്ല. ശനിയാഴ്ച രാത്രി പതിവുപോലെ സ്വര്‍ണ മാല ഊരിവെച്ചശേഷം ഉറങ്ങാന്‍ കിടന്നതാണ്. ഇടയ്ക്ക് എന്തോ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. നോക്കിയപ്പോള്‍ ഹെഡ് ലൈറ്റ് ധരിച്ച ഒരാള്‍ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറിയിരിക്കുന്നു.
പണം എവിടെയാണ് വെച്ചിരിക്കുന്നതെന്ന് ചോദിച്ചു. പറയാതിരുന്നപ്പോള്‍ കൈ കൊണ്ട് തലയ്ക്കടിച്ചു. ഒച്ചവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വായ പൊത്തിപ്പിടിച്ചു. ഇതിനിടെ അയല്‍വാസി രവിയുടെ നായ നിര്‍ത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. കുര കേട്ട് എഴുന്നേറ്റ രവി വീട്ടിലെ ലൈറ്റിട്ടു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് മുറ്റത്തേയ്ക്ക് ഇറങ്ങി അലറിവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. അതോടെയാണ് ശ്വാസം നേരെ വീണത്.' -കമലാക്ഷി പറഞ്ഞു.
രവിയുടെ നായ കുരച്ചില്ലായിരുന്നെങ്കില്‍ തന്റെ ജീവന് തന്നെ നഷ്ടമായേനേയെന്ന് കമാലാക്ഷി പറയുന്നു. ഹെഡ് ലൈറ്റിന്റെ പ്രകാശം തന്റെ മുഖത്തേയ്ക്ക് അടിച്ചിരുന്നതിനാല്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണാന്‍ സാധിച്ചില്ല. വീട്ടിലെ ബള്‍ബുകളും ഇയാള്‍ ഊരിവെച്ചിരിക്കുകയായിരുന്നു. കാസര്‍ഗോഡന്‍ മലയാളമാണ് സംസാരിച്ചത്. മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.