ബിജെപി ഭരണത്തിൽ ജനാധിപത്യം അട്ടിമറിക്കുന്നു: കെ. സുധാകരൻ
1540661
Tuesday, April 8, 2025 12:55 AM IST
കരിന്തളം: ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ കീഴിൽ ഇന്ത്യയുടെ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. കിനാനൂർ -കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോയിത്തട്ടയിൽ നിർമിച്ച കരിമ്പിൽ കുഞ്ഞമ്പു സ്മാരക കോൺഗ്രസ് ഭവന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസില്ലാത്ത ഇന്ത്യയെക്കുറിച്ച് ജനാധിപത്യവിശ്വാസികൾക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ജാതിയും മതവും വർഗീയതയും പറഞ്ഞ് രാജ്യത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ബിജെപി- ആർഎസ്എസ് നീക്കം തിരിച്ചറിഞ്ഞ് ഇത്തരം നീക്കം ഇല്ലാതാക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകനും മുന്നിട്ടിറങ്ങണമെന്നും സുധാകരൻ ആഹ്വാനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷതവഹിച്ചു. കെ.വി.ഭാസ്കരൻ സ്മാരക മിനി കോൺഫറൻസ് ഹാൾ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ഡി സിസി പ്രസിഡന്റ് പി.കെ.ഫൈസൽ ഫോട്ടോ അനാച്ഛാദനം നടത്തി. കെപി സി സി സെക്രട്ടറി കെ.പി.നൗഷാദ് അലി മുഖ്യപ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി എം.അസിനാർ സുവനീർ ഏറ്റുവാങ്ങി. സി.വി.ഭാവനൻ സുവനീർ പരിചയപ്പെടുത്തി.
കെപിസിസി മെമ്പർ കരിമ്പിൽ കൃഷ്ണൻ മുൻ മണ്ഡലം പ്രസിഡന്റുമാരെ ആദരിച്ചു. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, കെപിസിസി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ, ഡിസിസി ഭാരവാഹികളായ പി.ജി.ദേവ്, സാജിദ് മൗവ്വൽ, ജയിംസ് പന്തമ്മാക്കൽ, ബി.പി. പ്രദീപ്കുമാർ, ഹരീഷ് പി.നായർ, നേതാക്കളായ രാജു കട്ടക്കയം, ഉമേശൻ വേളൂർ, ജോമോൻ ജോസ്, സി.ഒ.സജി, മിനി ചന്ദ്രൻ, അഡ്വ.ജവാദ് പുത്തൂർ, രാഘവൻ ബളാൽ, ഷിബിൻ ഉപ്പിലിക്കൈ, പി.ബാലഗോപാലൻ, എ.ശശിധരൻ, അജയൻ വേളൂർ സംസാരിച്ചു.