ഗ്രാമവണ്ടി ആരംഭിക്കാനുള്ള സാമ്പത്തികശേഷിയില്ലെന്ന് ബേഡഡുക്ക പഞ്ചായത്ത്
1540207
Sunday, April 6, 2025 6:59 AM IST
കാസര്‍ഗോഡ്: ഏതെങ്കിലും ഒരു പ്രദേശത്ത് പഞ്ചായത്തിന്റെ ധനസഹായത്തില്‍ ബസ് സര്‍വീസ് ആരംഭിച്ചാല്‍ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും സമാന ആവശ്യം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഗ്രാമവണ്ടി സംരംഭം ഏറ്റെടുത്ത് നടപ്പാക്കാന്‍ കഴിയില്ലെന്ന് ബേഡഡുക്ക പഞ്ചായത്ത് സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പൊതുപ്രവര്‍ത്തകനായ എടപ്പന്നി ബാലകൃഷ്ണന് നായര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
ബേഡഡുക്ക അടുക്കത്ത് ഭഗവതി ക്ഷേത്രപരിസരത്ത് നിന്ന് പറശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിലേക്കും മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തിലേക്കും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിക്കണമെന്ന പരാതിയില്‍ കമ്മീഷന് ജുഡീഷല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് പഞ്ചായത്ത് സെക്രട്ടറി വിശദീകരണം നല്‍കിയത്.
പഞ്ചായത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പഞ്ചായത്ത് പരിധിയിലെ എല്ലാ പൊതുമരാമത്ത് റോഡ് വഴിയും കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പരാതിക്കാരന്റെ ആവശ്യപ്രകാരം സര്‍വീസ് നടത്തിയാല്‍ പ്രതീക്ഷിക്കുന്ന ലാഭം ലഭിക്കില്ലെന്ന് കെഎസ്ആര്‍ടിസി എടിഒ കമ്മീഷനെ അറിയിച്ചു. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് കേസ് തീര്‍പ്പാക്കി.