ദേശീയപാതയിലെ മേൽപ്പാലത്തിൽനിന്ന് നിർമാണസാമഗ്രി ഇളകി വീണ് യുവതിക്ക് പരിക്ക്
1540367
Monday, April 7, 2025 1:06 AM IST
മാവുങ്കാൽ: ദേശീയപാതയിലെ മേൽപ്പാലത്തിൽനിന്ന് നിർമാണസാമഗ്രി ഇളകിവീണ് അടിപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ചാലിങ്കാലിലെ ഗണേശന്റെ ഭാര്യ സിന്ധു(44)വിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സന്ധ്യയ്ക്ക് ആറുമണിയോടെ മകനോടൊപ്പം മാവുങ്കാലിൽ ബസിറങ്ങി നടന്നുപോവുമ്പോഴായിരുന്നു അപകടം.
മേൽപ്പാലത്തിന്റെ പാർശ്വഭിത്തി നിർമാണതതിനായി ഉപയോഗിച്ച 40 കിലോയോളം ഭാരമുള്ള റബർ ബാൻഡാണ് യുവതിയുടെ മേൽ വീണത്. ഒപ്പമുണ്ടായിരുന്ന മകൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. കഴുത്തിനും തോളെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്നുമാസത്തോളം കിടത്തി ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
ദേശീയപാത നിർമാണകരാറുകാരായ മേഘ എൻജിനീയറിംഗിലെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി യുവതിയെ സന്ദർശിച്ചു.