രാജപുരം ബൈബിൾ കൺവൻഷന് ഭക്തിസാന്ദ്ര സമാപനം
1540357
Monday, April 7, 2025 1:06 AM IST
രാജപുരം: വിശ്വാസജീവിതത്തിൽ ദൈവാനുഭവത്തിന്റെ പ്രകാശം പരത്തിയ രാജപുരം ബൈബിൾ കൺവൻഷന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിനത്തിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നല്കി.
ചുള്ളിക്കര സെന്റ് മേരിസ് പള്ളി വികാരി ഫാ.റോജി മുകളേൽ, കരിവേടകം സെന്റ് മേരിസ് പള്ളി വികാരി ഫാ. അനീഷ് ചക്കിട്ടമുറി എന്നിവർ സഹകാർമികരായി. മാർ ജോസഫ് പണ്ടാരശേരിൽ നേതൃത്വം നല്കിയ ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു.
നമ്മുടെ ജീവിത ചിന്തകളും ദർശനങ്ങളും വരുംതലമുറയ്ക്ക് മാർഗദീപമാകണമെന്നും സമൂഹത്തിന്റെ തിന്മകളെയും പ്രലോഭനങ്ങളെയും നമ്മുടെ നന്മകൾ കൊണ്ട് പ്രതിരോധിക്കണമെന്നും മാർ പണ്ടാരശേരിൽ പറഞ്ഞു. സർവമേഖലകളിലും തിന്മയുടെ ശക്തികൾ സമൂഹത്തെ സ്വാധീനിക്കുമ്പോൾ അത് പ്രതിരോധിക്കുവാനും സമൂഹത്തെ രക്ഷപ്പെടുത്തുവാനും നമുക്ക് ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
പോട്ട ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനവും സംഘവും നയിച്ച കൺവൻഷനിൽ നാലു ദിവസങ്ങളിലായി ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്.
തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവരും കൺവൻഷൻ ദിനങ്ങളിൽ ദിവ്യബലി അർപ്പിച്ച് സന്ദേശം നല്കി.