ദേശീയപാതയുടെ സർവീസ് റോഡ് വേനൽമഴയിൽ മുങ്ങി
1540206
Sunday, April 6, 2025 6:59 AM IST
കുമ്പള: മഞ്ചേശ്വരം, കാസർഗോഡ് ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി പെയ്ത വേനൽ മഴയിൽ പലയിടങ്ങളിലും ദേശീയപാതയുടെ സർവീസ് റോഡ് വെള്ളത്തിൽ മുങ്ങി. മൊഗ്രാലിൽ പുഴയിലേക്ക് വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാത്തതിനാൽ പുതിയ പാലത്തിനു സമീപം ദേശീയപാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. തൊട്ടടുത്ത മാരുതി ഷോറൂമിലേക്ക് വെള്ളം കയറി.
മൊഗ്രാൽ ടൗണിൽ പാതിവഴിയിൽ പണിനിർത്തിയ സർവീസ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് തൊട്ടടുത്തുള്ള ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് ദുരിതമായി. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ഇതുവഴി പോകാൻ തന്നെ ബുദ്ധിമുട്ടി. തലപ്പാടി-ചെർക്കള റീച്ചിൽ ദേശീയപാതയുടെ പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയാകാറായിട്ടും പല ഭാഗങ്ങളിലും വെള്ളക്കെട്ടിന് ശമനമില്ലാത്ത നിലയാണെന്ന് നാട്ടുകാർ പറയുന്നു.
ഇങ്ങനെയാണെങ്കിൽ മഴക്കാലമായാൽ കഴിഞ്ഞ വർഷത്തേതുപോലെ പലയിടങ്ങളിലും സർവീസ് റോഡുകളിലും ദേശീയപാതയോരത്തെ വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറുന്ന നിലയാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.