കുശാൽനഗർ മേൽപ്പാലം: സ്ഥലമേറ്റെടുക്കാനുള്ള നടപടികൾക്ക് തുടക്കമായി
1540210
Sunday, April 6, 2025 6:59 AM IST
കാഞ്ഞങ്ങാട്: നഗരമധ്യത്തിലുള്ള ഹോസ്ദുർഗ്-കുശാൽനഗർ റെയിൽവേ ഗേറ്റിനു കുറുകേ മേൽപ്പാലം നിർമിക്കുന്നതിനായി സ്ഥലമേറ്റെടുക്കാനുള്ള നടപടികൾക്ക് തുടക്കമായി. ബന്ധപ്പെട്ട സ്ഥലമുടമകളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഇ.ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നിത്യാനന്ദാശ്രമത്തിന്റെ കവാടത്തിനു സമീപത്തുനിന്നാണ് 45 മീറ്റർ നീളത്തിലുള്ള മേൽപ്പാലം ആരംഭിക്കുന്നത്. ആകെ 19 പേരുടെ ഉടമസ്ഥതയിലുള്ള 1.41 ഏക്കർ ഭൂമിയാണ് മേൽപ്പാല നിർമാണത്തിനായി ഏറ്റെടുക്കുക. ഒരു വീട് പൂർണമായും രണ്ട് വീടുകൾ ഭാഗികമായും പൊളിക്കേണ്ടിവരും. 16 കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. 35 കോടി രൂപയാണ് മേൽപ്പാലത്തിന്റെ നിർമാണ അടങ്കൽ.
കുശാൽനഗറിൽ കൂടി മേൽപ്പാലം നിർമിക്കുന്നതോടെ റെയിൽപാതയുടെ പടിഞ്ഞാറുവശത്തുള്ള തീരദേശമേഖലയിൽ നിന്നുള്ളവർക്ക് നഗരകേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ കൂടുതൽ എളുപ്പമാകും. ഏതാനും വർഷം മുമ്പ് കോട്ടച്ചേരി മേൽപ്പാലത്തിന്റെ നിർമാണത്തോടെയാണ് തീരദേശമേഖലയിലേക്കുള്ള ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെട്ടത്.
യോഗത്തിൽ നഗരസഭാധ്യക്ഷ കെ.വി. സുജാത അധ്യക്ഷയായി. രാജഗിരി കോളേജ് റിസർച്ച് അസോസിയേറ്റ് വി.എസ്. വിനയൻ പഠനറിപ്പോർട്ട് അവതരിപ്പിച്ചു. മേൽപ്പാലം നിർമാണത്തിനായി രൂപീകരിച്ച കർമസമിതി ചെയർമാൻ കെ. മുഹമ്മദ് കുഞ്ഞി, കൺവീനർ കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. ഡോ. സാജു, ആർബിഡിസികെ ഡെപ്യുട്ടി കളക്ടർ എൻ.ആർ. വൃന്ദ, മാനേജർ കെ. അനീഷ്, കിഫ്ബി എൽഎ സ്പെഷ്യൽ തഹസിൽദാർ സ്മിത, ഡെപ്യൂട്ടി തഹസിൽദാർ പി. പത്മനാഭൻ എന്നിവർ സംബന്ധിച്ചു.