അനുതാപത്തിൻ ക്രൂശുംതാങ്ങി വിശ്വാസികൾ മലകയറി
1540659
Tuesday, April 8, 2025 12:55 AM IST
പരപ്പ: വലിയ നോമ്പിന്റെ 33-ാം നാൾ കെസിവൈഎം കണ്ണൂർ രൂപതയുടെ ആഭിമുഖ്യത്തിൽ കനകപ്പള്ളി വടക്കാംകുന്ന് കുരിശുമല തീർഥാടനം നടത്തി. എട്ടു വർഷങ്ങളായി കെസിവൈഎം കണ്ണൂർ രൂപതയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കുരിശുമല പ്രയാണത്തിന് ഈ വർഷവും കനകപ്പള്ളി മാർട്ടിൻ ഡി പോറസ് ഇടവക ആതിഥേയത്വം വഹിച്ചു.
ലോക പാപങ്ങൾക്കുവേണ്ടി ക്രൂശിൽ തൂങ്ങി മരിച്ച യേശു ക്രിസ്തുവിനെ വീണ്ടും സ്മരിച്ചുകൊണ്ട് മരകുരിശിനെ പിന്തുടർന്ന് ജീവിതത്തിലെ ക്രൂശും വഹിച്ച് കണ്ണൂർ രൂപത മെത്രാൻ ഡോ.അലക്സ് വടക്കുംതലയും സഹായമെത്രാൻ ഡെന്നീസ് കുറുപ്പശേരിയും വൈദികരും വിവിധ ഇടവകകളിൽ നിന്നും എത്തിയ വിശ്വാസികളും വടക്കാംകുന്ന് മലമുകളിൽ പ്രാർത്ഥനാനിർഭരരായി എത്തിച്ചേർന്നു.
ഡോ. അലക്സ് വടക്കുംതല അനുഗ്രഹപ്രഭാഷണം നടത്തി. കെസിവൈഎം കണ്ണൂർ രൂപത അസോസിയേറ്റ് ഡയറക്ടർ ഫാ.പ്ലേറ്റോ ഡിസിൽവ നന്ദി പറഞ്ഞു.