ദേശീയപാത സർവീസ് റോഡിൽ അപകടഭീഷണി ഉയർത്തി ബാരിക്കേഡ്
1540664
Tuesday, April 8, 2025 12:55 AM IST
കുമ്പള: മൊഗ്രാൽ ടൗണിൽ ദേശീയപാത സർവീസ് റോഡിലെ ഹമ്പ് ഒഴിവാക്കി ബാരിക്കേഡ് സ്ഥാപിച്ചത് അപകടഭീഷണി ഉയർത്തുന്നതായി നാട്ടുകാർ. സ്കൂളിലേക്കുള്ള റോഡും അടിപ്പാതയും ചേരുന്ന ഭാഗത്തെ സർവീസ് റോഡിൽ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനായാണ് നേരത്തേ നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് ഹമ്പ് സ്ഥാപിച്ചിരുന്നത്.
എന്നാൽ റോഡിന്റെ ടാറിംഗ് പൂർത്തിയായപ്പോൾ ഹമ്പ് ഒഴിവാക്കി പകരം ബാരിക്കേഡ് സ്ഥാപിക്കുകയായിരുന്നു. ഹമ്പ് മാറ്റിയതോടെ ജംഗ്ഷനിൽ മൂന്ന് ഭാഗത്തുനിന്നും അമിതവേഗതയിലാണ് വാഹനങ്ങൾ വരുന്നത്. ഇവ കൂട്ടിയിടിച്ചും ബാരിക്കേഡിൽ ഇടിച്ചും അപകടങ്ങളുണ്ടാകാൻ സാധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു.
ഇടുങ്ങിയ സർവീസ് റോഡിന്റെ ഉള്ള വീതി പോലും കുറയ്ക്കുന്ന തരത്തിലാണ് ബാരിക്കേഡ് സ്ഥാപിച്ചിരിക്കുന്നത്.
ഇതിനു പകരം പഴയ ഹമ്പ് തന്നെ പുനസ്ഥാപിക്കണമെന്നും രാത്രികാലങ്ങളിൽ അത് വാഹന യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നതിന് റിഫ്ലക്ടറുകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.