ലഹരി വില്പന പിടികൂടാൻ നിരീക്ഷണ കാമറ; ദൃഷ്ടി മറച്ചും ഒടുവിൽ മോഷ്ടിച്ചും ഗൂഢസംഘം
1541004
Wednesday, April 9, 2025 1:50 AM IST
വലിയപറമ്പ്: ലഹരി വില്പനക്കാർ തമ്പടിക്കുന്ന ബീച്ചാരക്കടവിൽ സ്ഥാപിച്ച നിരീക്ഷണ കാമറ മോഷ്ടിച്ചു. സന്ധ്യ മയങ്ങിയാൽ സാമൂഹ്യവിരുദ്ധരും ലഹരി വില്പനക്കാരും സ്വൈര്യ വിഹാരം നടത്തുന്നുവെ പരാതിയിൽ നാട്ടുകാരും വ്യാപാരികളും രാഷ്ട്രീയ സംഘടന ഭാരവാഹികളും ചേർന്ന് സ്ഥാപിച്ച നിരീക്ഷണ കാമറയാണ് ഇന്നലെ പുലർച്ചെ മോഷണം പോയത്.
ലഹരിക്കെതിരെ നാടെങ്ങും കാന്പയിൻ നടക്കുമ്പോഴാണ് വലിയപറമ്പ് പഞ്ചായത്തിലെ പത്താം വാർഡിൽപ്പെട്ട ബീച്ചാരക്കടവ് റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച നിരീക്ഷണ കാമറ ഇരുളിന്റെ മറവിൽ മോഷ്ടിക്കപ്പെട്ടത്. ബീച്ചാരക്കടവ് ജംഗ്ഷനു സമീപം സ്ഥാപിച്ച യുഡിഎഫ് സ്ഥാപിച്ച കൊടിമരങ്ങളും പതാകകളും നശിപ്പിക്കുന്നത് പതിവായതോടെ ആഴ്ചകൾക്ക് മുമ്പ് ചന്തേര പോലീസിൽ പരാതി നൽകിയിരുന്നു.
പോലീസ് കൂടി ആവശ്യപ്പെട്ടാണ് ജംഗ്ഷനിലെ വ്യാപാര സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ നാട്ടുകാരും വ്യാപാരികളും ചേർന്ന് ഒരാഴ്ച മുമ്പ് നിരീക്ഷണ കാമറ സ്ഥാപിച്ചത്. ഇവിടുത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ഒരുപറ്റം സാമൂഹ്യ വിരുദ്ധർ നിരന്തരം പരിശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെങ്കിലും പോലീസ് സാമൂഹ്യ വിരുദ്ധരെ കണ്ടെത്തുന്നതിന് വേണ്ടി ഇടപെടൽ നടത്താത്തത് അവർക്ക് വളമായതായി യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
നിരീക്ഷണ കാമറസ്ഥാപിച്ച് രണ്ടു ദിവസത്തിനകം കാമറ ദൃശ്യം മറയ്ക്കുന്ന തരത്തിൽ ഡിവൈഎഫ്ഐയുടെ പേരിൽ വ്യാപാര സ്ഥാപനത്തിന്റെ മുന്നിലായി ബാനർ കെട്ടി ഉയർത്തുകയായിരുന്നു. നിരീക്ഷണ കാമറ മറച്ച് ഡിവൈഎഫ്ഐ ബാനർ കെട്ടിയത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം സ്ഥലത്തെ വ്യാപാരികളും കോൺഗ്രസ്, മുസ്ലിം ലീഗ് ഭാരവാഹികളും ചന്തേര പോലീസിൽ വീണ്ടും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
സാമൂഹ്യ വിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും സംസ്ഥാന ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഎമ്മിലെ ചിലർ ഇവരെ സഹായിക്കുന്ന സമീപനത്തിൽനിന്നും പിന്മാറണമെന്നും യുഡിഎഫ് വലിയപറമ്പ് പഞ്ചായത്ത് ചെയർമാൻ ഉസ്മാൻ പാണ്ഡ്യാല, കൺവീനർ കെ. അശോകൻ എന്നിവർ ആവശ്യപ്പെട്ടു.
സാമൂഹ്യ വിരുദ്ധരെയും ലഹരി വില്പനക്കാരെയും തിരിച്ചറിയാൻ ബീച്ചാരക്കടവ് ജംഗ്ഷനിലെ സ്ഥാപനത്തിന് മുന്നിൽ സ്ഥാപിച്ച കാമറ മോഷ്ടിച്ചവരെ കണ്ടെത്തണമെന്നും ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ ജില്ലാ പോലീസ് മേധാവി ഉൾപ്പടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും അവർ പറഞ്ഞു.