വാഹന പരിശോധനയ്ക്കിടെ സ്കൂട്ടർ ഇടിച്ച് എക്സൈസ് ഉദ്യോഗസ്ഥനു പരിക്ക്
1531233
Sunday, March 9, 2025 4:32 AM IST
മാനന്തവാടി: വാഹന പരിശോധനയ്ക്കിടെ സ്കൂട്ടർ ഇടിച്ച് എക്സൈസ് ഉദ്യോഗസ്ഥന് പരിക്ക്. സർക്കിൾ ഓഫീസിലെ സിഇഒ ഇ.എസ്. ജെയ്മോനെയാണ് സ്കൂട്ടർ ഇടിച്ചത്.
കാട്ടിക്കുളം രണ്ടാംഗേറ്റിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഗുരുതരപരിക്കേറ്റ ജെയ്മോനെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബാവലി ഭാഗത്തുനിന്നു വരികയായിരുന്ന സ്കൂട്ടർ ഇടിച്ചത്. യാത്രികർ തെറിച്ചുവീണെങ്കിലും പിന്നീട് സ്കൂട്ടറുമായി കടന്നു. ഇവരെ പിന്നീട് പോലീസ് പിടികൂടി.
ജെയ്മോനെ ബോധപൂർവം സ്കൂട്ടർ ഇടിപ്പിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ.