നീരുറവ സംരക്ഷണ പദ്ധതി: ഭൂഗർഭജല പഠനം നടത്തി
1531264
Sunday, March 9, 2025 5:14 AM IST
മാനന്തവാടി: നബാർഡിന്റെ സാന്പത്തിക സഹായത്തോടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എടവക പഞ്ചായത്തിൽ നടപ്പാക്കുന്ന നീരുറവ സംരക്ഷണ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന്റെ ഭാഗമായി നീർത്തട പ്രദേശത്ത് ഭൂഗർഭജല പഠനം നടത്തി. ഭൗമ ശാസ്ത്രജ്ഞനും നിലന്പൂർ ഗവ.കോളജ് അധ്യാപകനുമായ പ്രഫ.ഗോവിന്ദൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു പഠനം.
സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, എടവക പഞ്ചായത്ത് അംഗം ഷിൽസണ്‍ മാത്യു, സൊസൈറ്റി പ്രോഗ്രാം കോഓർഡിനേറ്റർ ദീപു ജോസഫ്, പുലിക്കാട് നീരുറവ സംരക്ഷണ പദ്ധതി ചെയർമാൻ കെ.ജെ. വർഗീസ്, സെക്രട്ടറി പി.ജെ. സിനോജ്, അങ്ങാടിക്കടവ് ഡോണ്‍ ബോസ്കോ കോളജ് എംഎസ്ഡബ്ല്യു വിദ്യാർഥികളായ റോസ് മേരി, എം.എഫ്. അനഘ എന്നിവർ പഠനത്തിൽ പങ്കെടുത്തു.
നീർത്തട പ്രദേശത്തെ ഭൂഗർഭജലത്തിന്റെ അളവ് വർധിപ്പിക്കുക, അന്യംനിൽക്കുന്ന നീരുറവകൾ സംരക്ഷിക്കുക എന്നിവ നബാർഡിന്റെ നീരുറവ സംരക്ഷണ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. പ്രദേശത്തെ ഭൂഗർഭജലത്തിന്റെ അവസ്ഥയും നീരൊഴുക്കും മനസിലാക്കിയാൽ മാത്രമേ തുടർപ്രവർത്തനങ്ങൾ ശാസ്ത്രീയമായി ആസൂത്രണം ചെയ്യാനാകൂ. ഈ സാഹചര്യത്തിലായിരുന്നു പഠനം.