ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കുടുംബശ്രീ പ്രവർത്തകരും
1531273
Sunday, March 9, 2025 5:15 AM IST
കൽപ്പറ്റ: സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന്റെ സഹായത്തോടെ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കാൻ കുടുംബശ്രീ അംഗങ്ങളെ ശക്തിപ്പെടുത്താൻ തയ്യാറാക്കിയ സന്നദ്ധം ദുരന്ത ലഘൂകരണ പദ്ധതി രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ മ്യൂസിയം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
അപ്രതീക്ഷിത ദുരന്തങ്ങളുടെ സ്വഭാവം കണക്കിലെടുത്ത് പ്രാദേശിക ദുരന്ത സാധ്യതകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ കുടുംബശ്രീ വനിതാ സേനയെ കെട്ടിപ്പടുക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം. ദുരന്ത നിവാരണ തത്ത്വങ്ങൾ, ദുരന്താഘാത ലഘൂകരണ തന്ത്രങ്ങൾ, പ്രായോഗിക സാങ്കേതിക പരിശീലനം, കമ്മ്യൂണിറ്റി അധിഷ്ഠിത ഇടപെടലുകൾ ഉൾക്കൊള്ളിച്ചാണ് സന്നദ്ധം പദ്ധതി നടപ്പാക്കുന്നത്.
സന്നദ്ധം വനിതാ സേനയുടെ പരിശീലന പരിപാടി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 4000 അംഗങ്ങളിൽ ദുരന്ത നിവാരണത്തിൽ ശാസ്ത്രീയ സാങ്കേതിക സമൂഹാധിഷ്ഠിത ഘടകങ്ങൾ ഉൾപ്പെടുത്തി ദ്വിദിന പരിശീലനം നൽകും. രണ്ടാം ഘട്ടത്തിൽ ദുരന്ത നിവാരണത്തിലെ പ്രായോഗിക പരിശീലനങ്ങൾക്കാണ് ഉൗന്നൽ നൽകുന്നത്.
സ്ത്രീകൾ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലക്ഷ്യം കൈവരിക്കാൻ സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണമായി പങ്കെടുക്കാൻ അവകാശവും തുല്യതയും ശക്തീകരണവും ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.