പുഞ്ചിരിമട്ടം ദുരന്തം: സർക്കാരിനെ വെട്ടിലാക്കി സിപിഐ
1531263
Sunday, March 9, 2025 5:14 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തം പുനരധിവാസ പദ്ധതി ഗുണഭോക്തൃ പട്ടികകൾ അപൂർണമെന്ന് സിപിഐ. അർഹതയുള്ള പല കുടുംബങ്ങളും ഇതിനകം പ്രസിദ്ധപ്പെടുത്തിയ ഒന്നാംഘട്ട അന്തിമ പട്ടികയിലും പിന്നീട് പുറത്തിറക്കിയ രണ്ട് എ, രണ്ട് ബി കരടുപട്ടികകളിലും ഉൾപ്പെട്ടിട്ടില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സംസ്ഥാന സമിതിയംഗങ്ങളായ പി.കെ. മൂർത്തി, വിജയൻ ചെറുകര, മണ്ഡലം സെക്രട്ടറി വി. യൂസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അർഹതയുള്ള മുഴുവൻ കുടുംബങ്ങളും പട്ടികകളിൽ ഉൾപ്പെടാത്തതിന്റെ ഉത്തരവാദിത്തം ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ കോ ചെയർമാനുമായ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയാണെന്ന് അവർ ആരോപിച്ചു.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഗുണഭോക്തൃ പട്ടികകൾ തയാറാക്കിയത് സർക്കാരല്ല, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയാണെന്നു റവന്യു മന്ത്രി കെ. രാജൻ തിരുവനന്തപുരത്ത് പ്രസ്താവിച്ചിരുന്നു. ഇതിനെതിരേ രംഗത്തുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പട്ടികകൾ തയാറാക്കിയത് ഡിഡിഎംഎ അല്ലെന്നും സർക്കാർ ഉത്തരവുകളിലെ മാർഗനിർദേശങ്ങളുടെയും സ്പഷ്ടീകരണത്തിന്റെയും അടിസ്ഥാനത്തിൽ സബ് കളക്ടറാണെന്നും വ്യക്തമാക്കി.
ഈ പശ്ചാത്തലത്തിലാണ് സിപിഐ നേതാക്കൾ മാധ്യമപ്രവർത്തകരെ കണ്ടത്. പട്ടികകളുടെ പേരിൽ ഡിഡിഎംഎ കോ ചെയർമാൻ രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐ നേതാക്കൾ ആരോപിച്ചു.
ഡിഡിഎംഎ യോഗം ചേർന്ന് ചർച്ച നടത്തിയാണ് പുനരധിവാസ ഗുണഭോക്തൃ പട്ടികകൾ അംഗീകരിച്ചത്. സബ്കളക്ടർ തയാറാക്കിയ പട്ടികകളിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അവ ചൂണ്ടിക്കാട്ടുകയും അംഗീകാരം നൽകാതിരിക്കുകയുമാണ് ഡിഡിഎംഎ ചെയ്യേണ്ടിയിരുന്നത്. മേപ്പാടി പഞ്ചായത്തിൽനിന്നുള്ള ജനപ്രതിനിധികളും ഡിഡിഎംഎ യോഗങ്ങളിൽ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തതാണ്.
ദുരന്തബാധിതർക്കൊപ്പമാണ് പാർട്ടി. സർക്കാർ ഉത്തരവുകളിലെ മാർഗനിർദേശങ്ങൾ അർഹതയുള്ള ഒരു കുടുംബവും പുനരധിവാസ പദ്ധതിക്കു പുറത്തുപോകാൻ ഇടയാകരുതെന്നാണ് പാർട്ടി നിലപാട്. മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും ഇരുന്പുലക്കയല്ല. ആവശ്യമായ മാറ്റങ്ങൾ ഉത്തരവുകളിൽ ഉണ്ടാകണം.
താമസം കൊമേഴ്സ്യൽ ബിൽഡിംഗിൽ ആയതിനാൽ പുനരധിവാസ പദ്ധതി ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയവരുണ്ട്. വിവാഹം കഴിച്ച് ഭർതൃവീട്ടിൽ താമസിക്കുന്നു എന്ന പേരിൽ പദ്ധതിയിൽനിന്നു ഒഴിവാക്കിയവരുമുണ്ട്. പൂർണമായും തകർന്നതും വാസയോഗ്യമല്ലാതായതുമായ എസ്റ്റേറ്റ് പാടികളിൽ താമസിച്ചിരുന്ന മുഴുവൻ കുടുംബങ്ങൾക്കും പട്ടികകളിൽ ഇടം കിട്ടിയില്ല.
ദുരന്തസാധ്യത നിലനിൽക്കുന്ന പുഞ്ചിരിമട്ടം, ചൂരൽമല എച്ച്എസ്എസ്എസ് റോഡ്, പടവെട്ടിക്കുന്ന് എന്നിവിടങ്ങളിലെ കുടുംബങ്ങൾ പുനരധിവാസത്തിന് അർഹരാണെന്നും സിപിഐ നേതാക്കൾ പറഞ്ഞു.