ഭരണാനുകൂല സർവീസ് സംഘടനകൾ തമ്മിലടി അവസാനിപ്പിക്കണം: കെ.ടി. ഷാജി
1531270
Sunday, March 9, 2025 5:14 AM IST
കൽപ്പറ്റ: ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഭരണാനുകൂല സർവീസ് സംഘടനകൾ നടത്തുന്ന തമ്മിലടി അവസാനിപ്പിക്കണമെന്ന് എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക, 12-ാംശന്പള പരിഷ്കരണം, 11-ാം ശന്പള പരിഷ്കരണ കുടിശിക നിഷേധം തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുക്കാതെ എൻജിഒ യൂണിയനും ജോയിന്റ് കൗണ്‍സിലും ചേട്ടൻബാവയും അനിയൻബാവയും കളിക്കുകയാണ്.
എല്ലാ വകുപ്പുകളിലും ഓണ്‍ലൈൻ സ്ഥലംമാറ്റം നിർബന്ധമാക്കിയിരിക്കേ ചില വകുപ്പുകളിലും ഓഫീസുകളിലും വർഷങ്ങളായി സ്ഥലംമാറ്റം നടക്കുന്നില്ല. ഇതാണ് ഒരേ ഓഫീസിലുള്ളവർ തമ്മിൽപോലും ഉള്ള പ്രശ്നങ്ങൾക്ക് പ്രധാന കാരണം. എൻജിഒ യൂണിയനും ജോയിന്റ് കൗണ്‍സിലും അവരവരുടെ വകുപ്പുകൾ സാമ്രാജ്യമായി വച്ചിരിക്കയാണ്. ഉത്തരവാദപ്പെട്ടവർ ഈ സംഘടനകളെ നിയന്ത്രിക്കണമെന്നും കെ.ടി. ഷാജി ആവശ്യപ്പെട്ടു.