വീടുവളഞ്ഞ് കഞ്ചാവ് പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
1531232
Sunday, March 9, 2025 4:32 AM IST
കൽപ്പറ്റ: കാവുംമന്ദം സൊസൈറ്റിപ്പടിയിൽ പൂട്ടിക്കിടന്ന വീടുവളഞ്ഞ് 2.115 കിലോഗ്രാം കഞ്ചാവുമായി യുവതിയടക്കം മൂന്നു പേരെ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വീട്ടിൽനിന്നു പിടിയിലായ സംഘത്തിന് കഞ്ചാവ് നൽകിയ പൊഴുതന പേരുങ്കോട കാരാട്ട് കെ. ജംഷീർ അലിയെയാണ്(40)പടിഞ്ഞാറത്തറ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം നീലഗിരിയിലെ ദേവാലയിൽനിന്നു തമിഴ്നാട് പോലീസിന്റെ സഹായത്തടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ജംഷീറിനെതിരേ വൈത്തിരി, മേപ്പാടി, ഷോളൂർമട്ടം, കൂനൂർ, കേണിച്ചിറ, കൽപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. എക്സൈസ് കേസുകളിലും ഇയാൾ പ്രതിയാണ്.
തമിഴ്നാട് ഷോളർമറ്റം പോലീസ് സ്റ്റേഷൻ പരിധിയിലെ കോടനാട് എസ്റ്റേറ്റിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കെട്ടിത്തൂക്കി കവർച്ച നടത്തിയ കേസിൽ ജംഷീർ വിചാരണ നേരിട്ടുവരികയാണ്. കാപ്പ നിയമ പ്രകാരം നാടുകടത്തിയിട്ടുള്ള ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ് അഞ്ചിന് രാത്രി കാവുമന്ദം സൊസൈറ്റിപ്പടിയിലെ വീട്ടിൽനിന്നു കഞ്ചാവുമായി മലപ്പുറം മാറഞ്ചേരി ചേലത്തൂർ അക്ഷയ്(21), കണ്ണൂർ ചാവശ്ശേരി അർഷീന മൻസിലിൽ കെ.കെ. അഫ്സൽ(27), പത്തനംതിട്ട മണ്ണടി കൊച്ചുകുന്നത്തുവിള അക്ഷര(26)എന്നിവരാണ് പടിയിലായത്. ജംഷീർ അലി ഉപയോഗിച്ചുവന്നിരുന്നതാണ് വീട്.
പ്ലാസ്റ്റിക് കവറുകളും കഞ്ചാവ് തൂക്കുന്നതിനുള്ള ഇലക്ട്രോണിക് യന്ത്രവും ഇവരിൽനിന്നു പിടിച്ചെടുത്തിരുന്നു. പ്രതികളുടെ മൊഴിയാണ് ജംഷീർ അലിയുടെ അറസ്റ്റിലേക്ക് നയിച്ചത്.