പെസ, വനാവകാശ നിയമങ്ങൾ: ആദിവാസി-ദളിത് കൂട്ടായ്മ സർക്കാരിൽ സമ്മർദം ചെലുത്തും
1516673
Saturday, February 22, 2025 5:24 AM IST
സുൽത്താൻ ബത്തേരി: 1996ലെ പെസ നിയമം(പ്രൊവിഷൻസ് ഓഫ് പഞ്ചായത്ത് എക്സ്റ്റൻഷൻ ടു ഷെഡ്യൂൾഡ് ഏരിയാസ്)നടപ്പാക്കുന്നതിന് ആദിവാസി-ദളിത് കൂട്ടായ്മ സർക്കാരിൽ സമ്മർദം ചെലുത്തും.
വനാവകാശ നിയമം പൂർണതയോടെ പ്രാവർത്തികമാക്കണമെന്ന് ആവശ്യപ്പെടും. കഴിഞ്ഞദിവസം ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ടൗണ്‍ഹാളിൽ ചേർന്ന ആദിവാസി പാർലമെന്റിലാണ് ഈ തീരുമാനം. സർക്കാരിൽ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമായി അട്ടപ്പാടി വട്ടുലക്കി പട്ടികവർഗ ഉന്നതിയിലെ സൊറിയൻ മൂപ്പൻ അധ്യക്ഷനായി ’കാന്പയിൻ കമ്മിറ്റി ഫോർ പെസ് ആക്ട്’ രൂപീകരിച്ചു.
മണിക്കുട്ടൻ പണിയൻ(വയനാട്), ചിത്ര നിലന്പൂർ, കുപ്പ മൂപ്പൻ(അട്ടപ്പാടി) എന്നിവർ കമ്മിറ്റി വൈസ് ചേർപേഴ്സണ്മാരും പി.ജി. ജനാർദനൻ, രാമചന്ദ്രൻ ഷോള എന്നിവർ കണ്‍വീനർമാരുമാണ്. പട്ടികജാതി-വർഗ ഉന്നതികൾക്ക് നിയമപരമായി അംഗീകാരം ലഭിക്കുന്നതിന് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി നിർദേശിക്കാൻ ആദിവാസി പാർലമെന്റ് തീരുമാനിച്ചു.
കേരളത്തിൽ അഞ്ചാം പട്ടികവർഗ പ്രദേശമായി രൂപം നൽകേണ്ട ഗ്രാമസഭകൾ ഏതൊക്കയെന്ന് പഠനം നടത്തി ആറ് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് നൽകും.