പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം : ടൗണ്‍ഷിപ്പിൽ 10 സെന്റ് വീതം ഭൂമി നൽകണം: ജനകീയ ആക്ഷൻ കമ്മിറ്റി
1516657
Saturday, February 22, 2025 5:18 AM IST
കൽപ്പറ്റ: മേപ്പാടി പഞ്ചായത്ത് 10, 11, 12 വാർഡ് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24ന് രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെ കളക്ടറേറ്റ് പടിക്കൽ ഉപവസിക്കും.
പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് എൽസ്റ്റൻ എസ്റ്റേറ്റിൽനിന്നു ഏറ്റെടുക്കുന്ന ഭൂമിയിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ ഓരോ കുടുംബത്തിനും പത്ത് സെന്റ് ഭൂമിയും വീടും അനുവദിക്കുക, പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ പൂർണ പട്ടിക ഉടൻ പ്രസിദ്ധപ്പെടുത്തുക, ദുരന്ത ബാധിതരോടുള്ള അവഗണന കേന്ദ്ര സർക്കാർ അവസാനിപ്പിക്കുക,
പുനരധിവാസം വേഗത്തിലാക്കുക, ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതിത്തള്ളുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസമെന്ന് കമ്മിറ്റി ചെയർമാൻ കെ. മൻസൂർ, കണ്‍വീനർ ജഐംജെ മനോജ്, ട്രഷറർ എം. വിജയൻ, എ. പ്രശാന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എൽസ്റ്റൻ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിൽ പുനരധിവസിപ്പിക്കുന്ന കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം ഭൂമിയും വീടും നൽകാനുള്ള സർക്കാർ തീരുമാനം അംഗീകരിക്കില്ല. ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം ഈ ഭൂമി അപര്യാപ്തമാണ്. അഞ്ച് സെന്റിൽ വീട് കഴിച്ചുള്ള ഭാഗത്ത് അടുക്കളത്തോട്ടം ഉണ്ടാക്കാനോ കന്നുകാലികളെ വളർത്താനോ കഴിയില്ല.
ടൗണ്‍ഷിപ്പിനു പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്ന ദുരന്തബാധിതർക്ക് 15 ലക്ഷം രൂപ വീതം നൽകാനുള്ള സർക്കാർ തീരുമാനവും അനുചിതമാണ്. പത്തുസെന്റ് ഭൂമിയെങ്കിലും വാങ്ങാനും ഭവന നിർമാണം നടത്താനും പര്യാപ്തമായ തുകയാണ് നൽകേണ്ടത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് ദുരന്തബാധിതർക്കിടിയിൽ ആശങ്ക വർധിക്കുകയാണ്. ലയങ്ങൾ ഒഴിയുന്നതിന് മാനേജ്മെന്റിന്റെ നോട്ടീസ് ലഭിച്ച എൽസ്റ്റൻ എസ്റ്റേറ്റ് തൊഴിലാളികൾ സമരമുഖത്തേക്ക് നീങ്ങുകയാണ്. മുഴുവൻ ആനുകൂല്യങ്ങളും ലഭിച്ചതിനുശേഷമേ ലയങ്ങൾ ഒഴിയൂ എന്ന നിലപാടിലാണ് തൊഴിലാളി കുടുംബങ്ങൾ.
മാനേജുമെന്റാകട്ടെ സർക്കാരിൽനിന്നു നഷ്ടപരിഹാരധനം കിട്ടുന്ന മുറയ്ക്ക് ആനുകൂല്യങ്ങൾ അനുവദിക്കാമെന്ന നിലപാടിലാണ്. തൊഴിലാളി കുടുംബങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണം.
ടൗണ്‍ഷിപ്പ് നിർമാണം എത്രയും വേഗം തുടങ്ങണം. പുനരധിവാസ പദ്ധതി ഗുണഭോക്തൃ പട്ടികയ്ക്കു പുറത്തുപോകുമോ എന്ന ആകുലത ദുരന്തബാധിത കുടുംബങ്ങൾക്കുണ്ട്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലായി എസ്റ്റേറ്റ് പാടിയിൽ താമസിച്ചവർ അടക്കം 513 കുടുബങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റി കണ്ടെത്തിയത്.
പുനരധിവാസത്തിനുള്ള ഒന്നാംഘട്ട പട്ടികയിൽ 242 കുടുംബങ്ങളാണ് ഉൾപ്പെട്ടത്. അടുത്തഘട്ടം പട്ടികയിൽ ഉൾപ്പെടാതെ പോകുമോ എന്ന ശങ്ക പലർക്കുമുണ്ട്. വാസയോഗ്യമല്ലാതായതും ഒറ്റപ്പെട്ടതുമായ പ്രദേശങ്ങളിലെ കുടുംബങ്ങളും പുനരധിവാസം അർഹിക്കുന്നവരാണ്. പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് സർക്കാർ പദ്ധതിയെന്നു സംശയിക്കുന്നവർ നിരവധിയാണ്.
ദൈനംദിന ജീവിതത്തിന് ഒരു കുടുംബത്തിലെ രണ്ടു പേർക്ക് മാസം 18,000 രൂപ അനുവദിച്ചത് മൂന്നു മാസം മാത്രമാണ് ലഭിച്ചത്. ഈ സഹായം തുടരുമെന്ന് സർക്കാർ പറയുന്നത്. എന്നാൽ ദുരന്തബാധിതർക്ക് തുക ലഭിക്കുന്നില്ലെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.