പകുതിവില തട്ടിപ്പ്: ആക്ഷൻ കമ്മിറ്റി 27ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും
1516661
Saturday, February 22, 2025 5:18 AM IST
കൽപ്പറ്റ: പകുതിവില തട്ടിപ്പ് ഇരകൾ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. തട്ടിപ്പിൽപ്പെട്ടവർക്ക് നഷ്ടമായ പണം തിരികെ ലഭ്യമാക്കുന്നതിന് ജില്ലാ ഭരണകൂടം ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ.ബി. രാജുകൃഷ്ണ, കണ്‍വീനർ പി.പി. ഷൈജൽ, ജോയിന്റ് കണ്‍വീനർ നാസിർ പാലൂർ, പ്രിൻസ് തോമസ്, തമിഴ് ശെൽവി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് പോലീസ് സ്റ്റേഷൻ പരിസരത്ത് മാർച്ച് ആരംഭിക്കും.
ജില്ലയിൽ നാലായിരത്തിലധികം ആളുകളാണ് പകുതിവില തട്ടിപ്പിന് ഇരകളായത്. ഇതിന്റെ ഉത്തരവാദിത്തത്തിൽനിന്നു ബന്ധപ്പെട്ട എൻജിഒകൾക്കും അക്ഷയ കേന്ദ്രങ്ങൾക്കും ഒഴിയാനാകില്ല. പകുതിവിലയ്ക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയുടെ പ്രചാരകരായി ജില്ലയിൽ പ്രവർത്തിച്ചത് ഏതാനും അക്ഷയ കേന്ദ്രം നടത്തിപ്പുകാരും എൻജിഒകളുമാണ്.
ആധികാരിക പരിശോധിക്കാതെയാണ് അക്ഷയ കേന്ദ്രങ്ങളും എൻജിഒകളും കമ്മീഷൻ വാങ്ങി ആളുകളെ പദ്ധതിയിൽ ചേർത്തത്. തട്ടിപ്പിനു കളം ഒരുക്കിയവർ തങ്ങളെ കരുവാക്കിയെന്ന ഇവരുടെ വാദത്തിൽ കഴന്പില്ല. വിഷയത്തിൽ അക്ഷയ കേന്ദ്രം ജില്ലാ കോ ഓർഡിനേറ്റർ മറുപടി പറയണം. അക്ഷയ കേന്ദ്രങ്ങൾ സർക്കാർ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പൊതുജനങ്ങളിൽ പലർക്കുമുണ്ട്. ഇത് തട്ടിപ്പുകാർ മുതലെടുത്തുവെന്നും ആആക്ഷൻൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.