മിഠായിയില്ല, ജൻമദിനാഘോഷങ്ങളിൽ ഈന്തപ്പഴം : ‘ഹെൽത്തി ബർത്ത്ഡേ’
1516662
Saturday, February 22, 2025 5:18 AM IST
കൽപ്പറ്റ: ജില്ലാ ക്ഷേമകാര്യ ചെയർമാൻ ഇനിഷ്യേറ്റീവും സ്പൈസസ് സ്പോട്ട് വെൻജ്വറും ചേർന്ന് നടത്തുന്ന ‘ഹെൽത്തി ബർത്ത്ഡേ’ കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ഹയർസെക്കൻഡറി സ്കൂളുകൾക്കും സൗജന്യമായി ഈന്തപ്പഴം വിതരണം ചെയ്തു. മുട്ടിലിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദ് നിസാർ അധ്യക്ഷത വഹിച്ചു.
ഹയർസെക്കൻഡറി ജില്ലാ കോഓർഡിനേറ്റർ എം.കെ. ഷിവി കൃഷ്ണൻ, എൻ.പി. മാർട്ടിൻ, ഡോ.പി.എ. ജലീൽ, പി.സി. തോമസ്, അബ്ദുൾ നാസർ തുടങ്ങിയവർ സംബന്ധിച്ചു.ജില്ലയിലെ അറുപത് ഹയർ സെക്കൻഡറി സ്കൂളിലേയും പ്രിൻസിപ്പൽമാരും ചടങ്ങിൽ പങ്കെടുത്തു.
ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ മുഖ്യാതിഥി ആയിരുന്നു.
കുട്ടികളുടെ ജൻമദിനങ്ങൾ പ്രകൃതി സംരക്ഷണത്തിന്റെയും സാഹോദര്യത്തിന്റെയും നവീന മാതൃകകൾ സൃഷ്ടിക്കാനുള്ള അവസരങ്ങളായി മാറ്റുക എന്നതാണ് കാന്പയിൻകൊണ്ട് ലക്ഷ്യമിടുന്നത്. ജൻമദിനം ആഘോഷിക്കുന്ന കുട്ടികൾ തങ്ങളുടെ കൂട്ടുകാർക്ക് മിഠായിവിതരണം നടത്തുന്നതിലൂടെ ഉണ്ടാകുന്ന പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കാനും കുട്ടികളുടെ ജൻമദിനം വിദ്യാലയത്തിലെ എല്ലാവരും ചേർന്ന് ആഘോഷിക്കുന്നതിലൂടെ കുട്ടികളിൽ സാഹോദര്യവും സമഭാവവും വളർത്താനുമായിട്ടാണ് ഈ കാന്പയിൻ നടത്തുന്നത്.