യുവാവിന്റെ കൊലപാതകം: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി
1516659
Saturday, February 22, 2025 5:18 AM IST
പുൽപ്പള്ളി: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പുൽപ്പള്ളി പോലീസ് കസ്റ്റഡിയൽ വാങ്ങി തെളിവെടുപ്പ് നടത്തി. കേസിലെ ഒന്നാം പ്രതി മീനംകൊല്ലി സ്വദേശികളായ പി.എസ്. രഞ്ജിത്ത് (32), രണ്ടാം പ്രതി മണിക്കുട്ടൻ (34), മൂന്നാം പ്രതി അഖിൽ (35), നാലാം പ്രതി മീനങ്ങാടി കുട്ടിരായംപാലം സ്വദേശി റാലിസണ് (ലിജേഷ് 35) എന്നിവരുമായാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
റിമാൻഡിലായിരുന്ന പ്രതികളെ വ്യാഴാഴ്ച രാവിലെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. കൊലപാതകത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ട കോയന്പത്തൂരിലായിരുന്നു ആദ്യം തെളിവെടുപ്പ് നടത്തിയത്. ഒന്നാം പ്രതി രഞ്ജിത്തിന്റെ ബന്ധുവിന്റെ വീടിന് സമീപമായിരുന്നു പ്രതികൾ രക്ഷപ്പെട്ടെത്തിയത്. ഇവിടെനിന്ന് പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കൊലപാതകം നടന്ന താഴെയങ്ങാടിയിലെ ബെവറേജസ് ഒൗട്ട്ലെറ്റ് പരിസരത്തും കൊലപാതകത്തിന് ശേഷം രാത്രി ഒളിച്ചിരുന്ന ഗൂജറിക്ക് സമീപവും തെളിവെടുപ്പ് നടത്തി. ബിവറേജസിൽ നിന്നും 500 മീറ്റർ അകലെയാണ് പ്രതികൾ ഒളിച്ചിരുന്ന ഗുജറി. പ്രതികൾ അക്രമത്തിന് ഉപയോഗിച്ച ശേഷം ഗുജറിക്ക് സമീപം ഉപേക്ഷിച്ച ദണ്ഡും പോലീസ് തെളിവെടുപ്പിനിടെ കണ്ടെടുത്തു.
കസ്റ്റഡി സമയം അവസാനിച്ചതിനെ തുടർന്ന് വൈകുന്നേരത്തോടെ പ്രതികളെ ബത്തേരി കോടതിയിൽ ഹാജരാക്കി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി അന്നുതന്നെ സംഭവസ്ഥലത്തുനിന്ന് പോലീസിന് ലഭിച്ചിരുന്നു. മറ്റൊരു കത്തികൂടി കണ്ടെത്താനുണ്ട്.
രക്ഷപ്പെട്ട പ്രതികൾ രണ്ടാം പ്രതി മണിക്കുട്ടന്റെ പൊള്ളാച്ചിയിലെ വീട്ടിലെത്തിയാണ് കുളിച്ച് വസ്ത്രങ്ങൾ മാറിയത്. ഇവിടെയും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതിനാൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒന്നാം പ്രതിയായ രഞ്ജിത്തിന്റെ സഹോദരിയോട് അപമര്യാദയായി പെരുമാറിയതിലുള്ള വ്യക്തിവിരോധംകാരണമാണ് ഏരിയപ്പള്ളി ഗാന്ധിനഗർ കോളനിയിലെ അരീക്കണ്ടി റിയാസിനെ പ്രതികൾ കുത്തിക്കൊലപ്പെടുത്തിയത്. ഫെബ്രുവരി 12ന് രാത്രിയായിരുന്നു സംഭവം.
പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ കെ.എസ്. അജീഷ്, എസ്ഐ സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം.