ലയങ്ങൾ ഒഴിയാൻ നോട്ടീസ്: എൽസ്റ്റൻ എസ്റ്റേറ്റ് തൊഴിലാളികൾ സമരത്തിലേക്ക്
1516658
Saturday, February 22, 2025 5:18 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളുടെ പുനരധിവാസത്തിന് ഉപയോഗപ്പെടുത്തുന്ന എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങൾ സമരത്തിലേക്ക്.
പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിനു സർക്കാർതലത്തിൽ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ലയങ്ങൾ ഒഴിയണമെന്ന് കാണിച്ച് മാനേജ്മെന്റ് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് തൊഴിലാളികൾ സമരത്തിന് ഒരുങ്ങുന്നത്. എസ്റ്റേറ്റിൽ 25 ലയങ്ങളിലായി 50 തൊഴിലാളികളാണുള്ളത്. ഇവർ 23ന് രാവിലെ 11ന് എസ്റ്റേറ്റിൽ യോഗം ചേർന്ന് സമര പരിപാടികൾ പ്രഖ്യാപിക്കും.
ലയങ്ങൾ രണ്ട് ദിവസത്തിനകം തിരിച്ചേൽപ്പിക്കണമെന്നാണ് മാനേജിംഗ് ഡയറക്ടറുടെ പേരിൽ തൊഴിലാളികൾക്ക് ലഭിച്ച നോട്ടീസിൽ. ഭൂമി ഏറ്റെടുത്ത് സർക്കാർ നഷ്ടപരിഹാരം അനുവദിക്കുന്ന മുറയ്ക്ക് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകുമെന്ന് നോട്ടീസിൽ പറയുന്നു.
എൽസ്റ്റൻ എസ്റ്റേറ്റ് തൊഴിലാളികൾക്ക് കുടിയിറക്ക് നോട്ടീസ് ലഭിച്ചത്, പുനരധിവാസത്തിന് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ച മേപ്പാടി നെടുന്പാല എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങളെ ആശങ്കയിലാക്കി.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമാണ് നെടുന്പാല എസ്റ്റേറ്റ്. ഇവിടെ 111 സ്ഥിരം തൊഴിലാളികളും ഒരു താത്കാലിക തൊഴിലാളിയുമുണ്ട്. ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പുകൾ സജ്ജമാക്കുന്നതിന് ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിയിലെ തൊഴിലാളികളുടെ ആശങ്ക അകറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് വിവിധ ട്രേഡ് യൂണിയനുകളുടെ നേതാക്കൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.