ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പുകൾ വിതരണം ചെയ്തു
1597729
Tuesday, October 7, 2025 7:36 AM IST
മേപ്പാടി: സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവയ്പ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ. ആസാദ് മൂപ്പൻ. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജ്, ഡോ. മൂപ്പൻസ് കോളജ് ഓഫ് ഫാർമസി എന്നിവിടങ്ങളിലേയ്ക്കുള്ള വിവിധ കോഴ്സുകൾക്ക് ഏർപ്പെടുത്തിയ "ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്' അർഹരായ വിദ്യാർഥികൾക്ക് വിതരണം ചെയ്തു.
കേരളത്തിൽ ആദ്യമായാണ് ഒരു മെഡിക്കൽ കോളജ് യോഗ്യരായ വിദ്യാർഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നത്. എംബിബിഎസ്, ബിഎസ്സി നഴ്സിംഗ്, ബിഫാം കോഴ്സുകളിലേക്ക് അപേക്ഷിച്ച നൂറുകണക്കിന് വിദ്യാർഥികളിൽ നിന്ന് 20 പേരെയാണ് ഈ വർഷം ജൂറി മെമ്പർമാരായ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐഎഎസ്, കാലിക്കട്ട് മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. കാർത്തികേയ വർമ്മ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേണൻസ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ. വിൽസൺ, ആസ്റ്റർ ഡി എം ഹെൽത്ത് കെയർ ഡയറക്ടർ സെബാ മൂപ്പൻ എന്നിവർ ചേർന്ന് തെരഞ്ഞെടുത്തത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 125 ഓളം വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കുന്ന സ്കോളർഷിപ്പ് പദ്ധതിക്കായി പ്രതിവർഷം മൂന്ന് കോടിയിലധികം രൂപയാണ് നീക്കിവയ്ക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപക ചെയർമാനും ഡോ. മൂപ്പൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് എക്സിക്യൂട്ടീവ് ട്രസ്റ്റിയും ആസ്റ്റർ മിംസ് ഡയറക്ടറുമായ യു. ബഷീർ, നസീറ ആസാദ്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഡയറക്ടറും ഗവേണൻസ് ആൻഡ് കോർപറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ. വിൽസൺ, ഗ്രൂപ്പ് ഹെഡ് ഡിജിറ്റൽ ഡോ. ഷിഹാദ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എലിസബത് ജോസഫ്, ഡോ. മൂപ്പൻസ് കോളജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ലാൽ പ്രശാന്ത്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ലിഡാ ആന്റണി, ഓപറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ സന്നിഹിതരായി.