ഇടുങ്ങിയ നടപ്പാത: മോചനമില്ലാതെ കുടുംബങ്ങൾ
1597712
Tuesday, October 7, 2025 7:23 AM IST
കൂരാച്ചുണ്ട്: കാലങ്ങളായി കാത്തിരുന്നിട്ടും വീട്ടിലേക്ക് നടന്നു പോകാൻ ഇപ്പോഴും ഇടുങ്ങിയ നടപ്പാതയിൽ നിന്നും മോചനം ലഭിക്കാതെ കുടുംബങ്ങൾ.
കൂരാച്ചുണ്ട് പഞ്ചായത്ത് പത്താം വാർഡ് വട്ടച്ചിറയിലെ ആറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന മൂന്ന് അടി വീതി മാത്രമുള്ള ആട്ടോത്തുത്താഴെ നടപ്പാതയിലൂടെയുള്ള യാത്രയാണ് ഇവരെ പ്രയാസത്തിലാക്കുന്നത്. കുത്തനെയുള്ള നടപ്പാതയിലൂടെ വീടുകളിലെത്തിപ്പെടാൻ ഇവർ പാടുപെടുകയാണ്.
ഇവിടെ രോഗബാധിതരും താമസിക്കുന്നുണ്ട്. മഴക്കാലമായാൽ വഴിയിലൂടെ നടന്നുപോകാൻ പ്രയാസമാണ്. രോഗബാധിതരെ നടപ്പാത വഴി റോഡിലെത്തിക്കാനും ബുദ്ധിമുട്ടാണ്. സൗകര്യ പ്രദമായ വഴിയില്ലാതെ ദുരിതത്തിലായ കുടുംബങ്ങൾക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വഴി നിർമിക്കണമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
വഴിക്കുവേണ്ടി പഞ്ചായത്ത് ഒന്നും ചെയ്തില്ലെന്നും യോഗം കുറ്റപ്പെടുത്തി. എ.കെ. പ്രേമൻ അധ്യക്ഷത വഹിച്ചു.