വയനാട് മെഡിക്കൽ കോളജ് : പ്രക്ഷോഭം കടുപ്പിക്കുമെന്ന് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി
1597728
Tuesday, October 7, 2025 7:36 AM IST
കൽപ്പറ്റ: മെഡിക്കൽ കോളജ് മടക്കിമലയിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി വിട്ടുനൽകിയ ഭൂമിയിൽ തന്നെ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികൾ അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുവാൻ കൽപ്പറ്റ പത്മപ്രഭാ ഗ്രന്ഥാലയത്തിൽ ചേർന്ന ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.
പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി വാഹന പ്രചാരണജാഥ നടത്തുന്നതിനും മടക്കിമലയിൽ മുൻപ് മെഡിക്കൽ കോളജിന്റെ ബോർഡ് സ്ഥാപിച്ചിരുന്ന സ്ഥലത്ത് പ്രതീകാത്മകമായി മെഡിക്കൽ കോളജിന്റെ ബോർഡ് പുതുതായി സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.
വിവരാവകാശ നിയമപ്രകാരം ലഭിച്ചുകൊണ്ടിരിക്കുന്ന രേഖകളിൽ നിന്നും വ്യക്തമാകുന്നത് മടക്കിമലയിലെ ഭൂമി സർക്കാർ വേണ്ടെന്നുവച്ച് വയനാടിന്റെ വടക്കേ അറ്റത്തുള്ള പേരിയയിലെ സ്വകാര്യ ഭൂമിയിലേക്ക് മാറ്റുന്നതിനായി നടത്തിയ ഗൂഢാലോചനയാണ്. ഇല്ലാത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർത്താണ് മടക്കിമലയിലെ ഭൂമി ഉപേക്ഷിച്ചത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജിയോളജിസ്റ്റുകൾ മടക്കിമലയിലെ ഭൂമിയിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിന് അനുയോജ്യമല്ലെന്ന റിപ്പോർട്ട് നൽകി എന്നാണ് ഈ ഭൂമി ഉപേക്ഷിക്കുന്നതിന് സർക്കാർ നൽകിയ പ്രധാന കാരണം. എന്നാൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ റിപ്പോർട്ടിൽ ഈ ഭൂമി മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിന് അനുയോജ്യമാണെന്നും കെട്ടിട നിർമാണത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ മാത്രമാണുള്ളതെന്നും റിപ്പോർട്ട് ഉദ്ധരിച്ച് കമ്മിറ്റി വിലയിരുത്തി.
സർക്കാരിൽ നിക്ഷിപ്തമാക്കിയ ഭൂമി ഉപേക്ഷിച്ച് വിലകൊടുത്ത് മറ്റൊരു ഭൂമി വാങ്ങി സർക്കാരിന് കോടിക്കണക്കിന് രൂപയുടെ ബാധ്യത വരുത്തും. ഈ അധിക ബാധ്യത പൊതുജനത്തിന് മേലാണ് വരുന്നത്. മാത്രവുമല്ല സർക്കാരിൽ നിക്ഷിപ്തമായ വസ്തു യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റിന് വിട്ടുകൊടുക്കാൻ തീരുമാനിച്ച നടപടി നിയമവിരുദ്ധമാണ്.
സൗജന്യമായി ഭൂമി വിട്ടുനൽകിയ ട്രസ്റ്റിനെതിരേ സർക്കാർ പ്രതികാര നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ട്രസ്റ്റിന്റെ ഭൂമിക്ക് വർഷങ്ങൾക്കു മുൻപ് അനുവദിച്ച പട്ടയം റദ്ദ് ചെയ്യുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്. വൈത്തിരി, ബത്തേരി താലൂക്കുകളിലെ ജനങ്ങൾക്ക് സൗകര്യപ്രദമായ സ്വകാര്യ മെഡിക്കൽ കോളജും മറ്റ് സ്വകാര്യ ആശുപത്രികളും ഉള്ളതിനാൽ മാനന്തവാടി താലൂക്കിനാണ് സർക്കാർ മെഡിക്കൽ കോളജ് കൊണ്ട് കൂടുതൽ ഉപകാരം എന്ന ജില്ലാ കളക്ടറുടെ റിപ്പോർട്ട് സർക്കാർ ആവശ്യപ്രകാരം നൽകിയതും ഈ റിപ്പോർട്ട് മെഡിക്കൽ കോളജ് മടക്കിമലയിൽ നിന്നും മാറ്റുന്നതിന് സർക്കാർ മറയാക്കുകയും ആയിരുന്നു. ഇത് വൈത്തിരി ബത്തേരി താലൂക്കുകളിൽ ഉളള ജനങ്ങളോടുള്ള വെല്ലുവിളിയും പക്ഷപാതിത്വവുമാണ്.
സർക്കാർ മെഡിക്കൽ കോളജ് മടക്കിമലയിലെ ഭൂമിയിൽത്തന്നെ സ്ഥാപിക്കണമെന്ന ആക്ഷൻ കമ്മിറ്റിയുടെയും പൊതുജനങ്ങളുടെയും ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ബഹിഷ്കരിക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
ജില്ലാ സെക്രെട്ടറി കെ.വി. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രേമലത അധ്യക്ഷത വഹിച്ചു. രക്ഷാധികാരി അഡ്വ.ബി.പി. എൽദോ മുഖ്യപ്രഭാഷണവും ജോണി പാറ്റാനി, ജോസഫ് വളവിനാൽ, വസന്ത പനമരം, ശാന്ത കൽപ്പറ്റ, ബിജു പൂളക്കര, വർഗീസ് വട്ടേക്കാട്, സുജാത അയ്യങ്കൊല്ലി, സണ്ണി എരുമാട്, സി.എച്ച്. സജിത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.