കണ്ടിവാതുക്കലിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
1596972
Sunday, October 5, 2025 4:45 AM IST
നാദാപുരം: വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടി കണ്ടിവാതുക്കൽ അഭയഗിരി നിവാസികൾ. വെള്ളിയാഴ്ച രാത്രി ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കോഴിക്കോട് ജില്ലാ അതിർത്തിയായ അഭയഗിരിയിൽ കണ്ണവം വനത്തിൽ നിന്ന് രണ്ട് കുട്ടി ആനകൾ ഉൾപ്പെടെ പതിനാറ് ആനകളാണ് കൃഷിയിടത്തിലിറങ്ങിയത്.
മാക്കൂൽ അജിത, സി.പി. ചന്ദ്രൻ, കുഞ്ഞിരാമൻ കല്ലുനിര എന്നിവരുടെ കൃഷിയിടത്തിലെ കമുകുകളും റബറുകളുമാണ് കാട്ടാനകൾ നശിപ്പിച്ചത്. തിരുവനന്തപുരം സ്വദേശിയുടെ റബർ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്. വന അതിർത്തിയിൽ സോളാർ കമ്പിവേലികൾ ഉണ്ടെങ്കിലും ആനകൾ ഇറങ്ങുന്നതിന് ഇത് പരിഹാരമല്ല.
വനംവകുപ്പ് അധികൃതരും വാച്ചർമാരും പടക്കം പൊട്ടിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ആനകളെ തുരത്തിയെങ്കിലും വെള്ളിയാഴ്ച രാത്രി കൂട്ടമായാണ് ആനകളെത്തിയതെന്ന് മലയോര വാസികൾ പറഞ്ഞു. ഇന്നലെ രാത്രി വനംവകുപ്പ് ആർആർടി വോളണ്ടിയർമാർ സ്ഥലത്തെത്തി ആനകളെ കണ്ണവം വനത്തിലേക്ക് തുരത്താനുള്ള നടപടികൾ എടുത്തു. ആനകളെ കൂടാതെ, കാട്ടുപോത്ത്, മാൻ, മയിൽ എന്നിവയുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്.