ബ്രഹ്മഗിരി സൊസൈറ്റി തട്ടിപ്പ്: മന്ത്രി ഒ.ആർ. കേളുവിന്റെ ഓഫീസിലേക്ക് കോണ്ഗ്രസ് മാർച്ച് നടത്തി
1597726
Tuesday, October 7, 2025 7:36 AM IST
മാനന്തവാടി: ബ്രഹ്മഗിരി സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്ക് പണം നൽകാതെ തട്ടിപ്പ് നടത്തിയവർക്കെതിരേ ഇ.ഡി. അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്ക് ആവിശ്യപ്പെട്ടു.
ബ്രഹ്മഗിരി സൊസൈറ്റി ഡയറക്ടറായിരുന്ന മന്ത്രി ഒ.ആർ. കേളുവിന്റെ മാനന്തവടി ഓഫീസിലേക്ക് മാനന്തവാടി, പനമരം ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ 120 കോടി രൂപയുടെ തട്ടിപ്പ് മാത്രമാണ് കണ്ടെത്തിയത്. ഇത് മഞ്ഞുമലയുടെ ഒരു കണിക മാത്രമാണ്. മലയുടെ ഒഴുക്ക് ഉടൻ ഉണ്ടാകും. തൊട്ടതിനും പിടിച്ചതിനും ഓടിനടന്ന് അന്വേഷിക്കുന്ന ഇഡി ഈ വിഷയം കണ്ടതായി നടിക്കാത്തത് സിപിഎം-ബിജെപി ബന്ധത്തിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് ഓഫീസിൽ നിന്നും മാർച്ചുമായെത്തിയ കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. മാർച്ച് തടയാനായി വൻ സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. മന്ത്രിയുടെ ഓഫീസിലേക്ക് കോണ്ഗ്രസ് പ്രവർത്തകർ പ്രവേശിക്കാതിരിക്കാനായി ബ്ലോക്ക് ഓഫീസ് റോഡിൽ ബാരിക്കേഡും പോലീസ് വാഹനങ്ങളും ഉപയോഗിച്ച് രാവിലെ മുതൽ ഗതാഗതം നിരോധിച്ചിരുന്നു.
പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറിയിരുന്നു മുദ്രവാക്യം മുഴക്കി. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത് അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പ്രസിഡന്റ് ജിൽസൻ തൂപ്പുങ്കര, കെപിസിസി അംഗങ്ങളായ എൻ.ഡി. അപ്പച്ചൻ, കെ.എൽ. പൗലോസ്, അഡ്വ.എൻ.കെ. വർഗീസ്, എച്ച്.ബി. പ്രദീപ്, ചിന്നമ്മ ജോസ്, പി.എൻ. ബെന്നി എന്നിവർ പങ്കെടുത്തു.
സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എം. അബ്ദുൾ കരീം, ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർ, എസ്ഐമാർ എന്നിവരടങ്ങുന്ന സേനയെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്.