ചായയും കാപ്പിയും ഒഴിവാക്കൂ, ശുദ്ധമായ കുടിവെള്ളം കുടിക്കൂ
1597364
Monday, October 6, 2025 5:02 AM IST
ഡിഎംഒയുടെ നിര്‍ദേശം വൈറലാകുന്നു
കോഴിക്കോട്: സര്‍ക്കാരിന്റെ ഔദ്യോഗിക അവലോകന യോഗങ്ങളിലും പരിശീലന പരിപാടികളിലും ചായയ്ക്കും കാപ്പിക്കും പകരം ശുദ്ധമായ കുടിവെള്ളവും വേവിക്കാത്ത പഴങ്ങളും ഉപയോഗിക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശം. ജീവിതലൈീ രോഗങ്ങള്‍ക്കെതിരായ പോരാട്ടം സംബന്ധിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്കും ആരോഗ്യ വകുപ്പിന് കീഴിലുള്ള മറ്റ് സ്ഥാപനങ്ങള്‍ക്കും അയച്ച മാര്‍ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഭക്ഷണശീലങ്ങള്‍ മൂലമുണ്ടാകുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കുകയും ബോധവത്കരണം നടത്തുകയുമാണ് ലക്ഷ്യം. ഡിഎംഒയുടെ നിര്‍ദേശത്തോട് നല്ലൊരു വിഭാഗം ജീവനക്കാര്‍ക്ക് അനുകൂല നിലപാടാണുള്ളത്.
ബിരിയാണി, ഫ്രൈഡ് റൈസ്, നെയ്ച്ചോര്‍, പൊറോട്ട എന്നിവ സര്‍ക്കാര്‍ പരിപാടികളില്‍ ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം. കൊഴുപ്പു നിറഞ്ഞ ഈ ഭക്ഷ്യവസ്തുക്കള്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് ഈ നിര്‍ദേശം. എണ്ണക്കടികള്‍, മധുരപലഹാരങ്ങള്‍, ബിസ്ക്കറ്റുകള്‍, വറുത്ത ലഘുഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണമെന്ന് ഡിഎംഒ നിര്‍ദേശിക്കുന്നു. ഇവയ്ക്കു പകരം പഴ വര്‍ഗങ്ങള്‍ മുറിച്ചോ മുഴുവനായോ നല്‍കാം. പായസം,ഐസ്ക്രീം എന്നിവയേക്കാള്‍ എത്രയോ നല്ലതാണ് പഴങ്ങളെന്ന് സര്‍ക്കുലര്‍ ഓര്‍മപ്പെടുത്തുന്നു.
സെപ്റ്റംബര്‍ 29 ന് ആചരിച്ച ലോക ഹൃദയ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് ഡിഎംഒ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. പഴങ്ങളും പച്ചക്കറികളും നല്‍കുന്നതിന് സ്വയംസഹായ സംഘങ്ങളെയോ കുടുംബശ്രീ യൂണിറ്റുകളെയോ സമീപിക്കാം. ഉപ്പില്ലാത്ത നിലക്കടല, കശുവണ്ടി, പിസ്ത, ഈന്തപ്പഴം, ബദാം പരിപ്പ് എന്നിവ ചായയ്ക്കൊപ്പം പരിമിതമായ അളവില്‍ നല്‍കാം. പുഴുങ്ങിയ മുട്ടയും ആവിയില്‍ വേവിച്ച പലഹാരങ്ങളുമാണ് മറ്റ് ഓപ്ഷനുകള്‍. ആഘോഷങ്ങള്‍ക്ക് കേക്ക് കട്ടിംഗ് ഒഴിവാക്കണമെന്ന് ഡിഎംഒയുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഔദ്യോഗിക പരിപാടികളില്‍ മാത്രമല്ല ജീവനക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലും ബിരിയാണിയും മന്തിയും പ്രധാന വിഭവങ്ങളാണ്. ചിക്കന്‍ വിഭവങ്ങളാണ് മിക്കവര്‍ക്കും ഇഷ്ടം. പൊതുസമൂഹത്തിലും ഇവ പ്രധാന വിഭവമായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ജീവിത ശൈലീ രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുകയും ചെയ്യുന്നു. ഭക്ഷണ രീതിയിലുള്ള മാറ്റമാണ് രോഗങ്ങള്‍ കൂടാന്‍ കാരണം.