വിശപ്പുരഹിത ഗ്രാമം പദ്ധതിക്ക് തുടക്കം
1597374
Monday, October 6, 2025 5:27 AM IST
മൈക്കാവ്: തെരുവിലും പൊതുസ്ഥലങ്ങളിലും വിശന്ന് അലഞ്ഞു തിരിയുന്നവർക്കായി ഫാദേഴ്സ്, മദേഴ്സ് ബ്രദേഴ്സ് ആൻഡ് സിസ്റ്റേഴ്സ് മെമ്മോറിയൽ യുവദീപ്തി വിശപ്പു രഹിത ഗ്രാമം പദ്ധതി പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ വിശപ്പ് രഹിത ഗ്രാമം പദ്ധതി കോടഞ്ചേരി പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നടപ്പാക്കും.
ഈ സ്ഥലങ്ങളിൽ വിശന്ന് അലയുന്നവർക്ക് ഉച്ചഭക്ഷണ കൂപ്പൺ ലഭ്യമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. തുടർന്ന് കൂപ്പണമായി സമീപത്തുള്ള ഹോട്ടലിൽ പോയി ഉച്ച ഭക്ഷണം കഴിക്കാൻ കഴിയുന്ന വിധമാണ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. പൊതുസമൂഹത്തിന്റെ സഹായ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതി നടത്തിപ്പിനും മേൽനോട്ടം വഹിക്കുന്നതിനും പ്രത്യേക ഡയറക്ടർ ബോർഡ് പ്രവർത്തിക്കും.
ഇതോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഓരോ പ്രദേശത്തും സന്നദ്ധ സേനയ്ക്ക് രൂപം നൽകാനും ലക്ഷ്യമിടുന്നുണ്ട്. പൊതുസ്ഥലങ്ങളിലെ കൂപ്പൺ വിതരണത്തിന്റെ ഭാഗമായി ആദ്യ കൂപ്പൺ ബുക്ക് വിശപ്പുരഹിത ഗ്രാമം ഡയറക്ടർ ബേബി ഏബ്രഹാമിന് നൽകി. യോഗത്തിൽ ചെയർമാൻ വർഗീസ് തണ്ണിനാൽ,
പ്രസിഡന്റ് എം.എസ്. ബാബു, സെക്രട്ടറി ഷാജി ജോസ്, തമ്പി ഏബ്രഹാം, സ്റ്റലിൻ നാരായണൻ, എം.എസ്. മർക്കോസ്, തമ്പി പറകണ്ടത്തിൽ, പി.സി. ജോൺ, ത്രേസ്യ ചോലിക്കര, സജി കരിപ്പുകാട്ടിൽ, ബേബി ഏബ്രഹാം, ഗോപി എറമ്പിൽ, പീലി ചാഞ്ഞപിള്ളാക്കൽ എന്നിവർ പ്രസംഗിച്ചു.