നമ്മുടെ ജീവിതം സഭയ്ക്കു വേണ്ടിയുള്ള ബലിയാണ്: ബിഷപ് മാർ ഇഞ്ചനാനിയിൽ
1597370
Monday, October 6, 2025 5:27 AM IST
കൂരാച്ചുണ്ട്: നമ്മുടെ ജീവിതം സഭയ്ക്കു വേണ്ടിയുള്ള ബലിയാണെന്ന് താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. യേശുവിന്റെ കുരിശിലെ ബലി തന്നെയാണ് നമ്മൾ അർപ്പിക്കുന്നത്. കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ഇടവകയിൽ നടന്ന അജപാലന സന്ദർശനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാന മദ്ധ്യേ വചന സന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ആദിമ സഭ യേശു നൽകിയ കൽപ്പനയുടെ ചുവടുപിടിച്ചായിരുന്നു എല്ലാ കാര്യങ്ങളും ക്രമീകരിച്ചിരുന്നത്. അവർ ഒരേ മനസും ഒരേ ഹൃദയവും ഒരേ ആത്മാവുമുള്ള ഒരു കൂട്ടായ്മയായിരുന്നു. മലബാറിലെ കുടിയേറ്റ പ്രദേശത്തേക്ക് നമ്മെ കൊണ്ടുവന്നപ്പോൾ പൂർവ പിതാക്കന്മാർ എന്തെല്ലാം പ്രതിസന്ധികളാണ് നേരിട്ടത്.
എന്നാൽ അവർക്ക് ചോർന്നു പോകാത്ത ദൈവ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് ആദിമസഭയുടെ ചൈതന്യമനുസരിച്ചുള്ള ആരാധനാ സമൂഹമായി വളരാൻ നമുക്ക് കഴിഞ്ഞതെന്ന് ബിഷപ് പറഞ്ഞു. വിശുദ്ധ കുർബാനക്ക് ഇടവക വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, ഫാ. ടിനു പനച്ചിക്കൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
അസിസ്റ്റന്റ് വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ, ഡീക്കൻ എഡ്വിൻ കോനുക്കുന്നേൽ, ട്രസ്റ്റിമാരായ സജി കൊഴുവനാൽ, ജോയി വേങ്ങത്താനം, ജിജി കോനുക്കുന്നേൽ, പാരീഷ് സെക്രട്ടറി ബോബൻ പുത്തൂർ തുടങ്ങിയവർ നേതൃത്വം നൽകി.