വിജയന്റേത് നാടകത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതം
1597713
Tuesday, October 7, 2025 7:23 AM IST
കോഴിക്കോട്: വിജയന് മലാപ്പറമ്പ് എന്ന കലാകാരന്റെ ജീവിതം നാടകത്തിനുവേണ്ടി ഉഴിഞ്ഞുവച്ചതായിരുന്നു. പ്രശസ്തരായ നാടകകൃത്തുക്കളുമായും സംവിധായകരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ട നിരവധി നാടകങ്ങളില്‍ വേഷമിട്ടു.അഭിനയത്തികവില്‍ സംസ്ഥാന പുരസ്കാരവും തേടിയെത്തി.
ബസ് കണ്ടക്ടറായിരുന്ന പാറക്കാട്ട് പെരവക്കുട്ടിയുടെയും രോഹിണിയുടെയും മകനായ വിജയന് സ്കൂള്‍ പഠനകാലത്തുതന്നെ നാടകം ഹരമായിരുന്നു. കോഴിക്കോട് സെന്റ് ജോസഫ്സ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രശസ്ത നാടക പ്രവര്‍ത്തകരായ ജയപ്രകാശ് കുളൂരും ആര്. കനകാംബരനും അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു.
സ്കൂള്‍ ജീവിതത്തിനുശേഷം സാമൂഹിക പ്രതിബദ്ധതയുള്ള കലാസമിതികളും സംഘടനകളുമായി സഹകരിച്ചുപ്രവര്‍ത്തിച്ചു. മലാപ്പറമ്പിലെ ദേശോദ്ധാരണി വായനശാല, നവയുഗ കലാവേദി, സിംഫണി, സഹൃദയ റീഡിംഗ് ക്ലബ് എന്നിവയുമായുള്ള ബന്ധം കലാപ്രവര്‍ത്തനത്തിനു ആക്കംകൂട്ടി. നാടകാചാര്യന് കെ.ടി. മുഹമ്മദുമായുള്ള ബന്ധമാണ് അദ്ദേഹത്തെ നാടകലോകത്തേക്ക് പിടിച്ചുയര്‍ത്തിയത്. 1978 മുതല്‍ 1993 വരെ ഒന്നരപതിറ്റാണ്ടുകാലം കെ.ടിയോടൊപ്പം കലിംഗയില്‍ പ്രവര്‍ത്തിച്ചു. ഇതു ഭൂമിയാണ്, കാഫര്‍, സൃഷ്ടി,വെള്ളപ്പൊക്കം, അച്ഛനും ബാപ്പയും തുടങ്ങിയ ശ്രദ്ധേയമായ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചു. കെ.ടിയോടൊപ്പമുള്ള നാടകപ്രവര്‍ത്തനം അദ്ദേഹത്തിലെ കലാകാരനെ പുതിയ തലത്തിലേക്ക് ഉയര്‍ത്തി.
കലിംഗയില്‍ നിന്ന് പിന്നീട് ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയറ്റഴ്സില് ആണ് എത്തിയത്. ചിരന്തനയുടെ പ്രശസ്ത നാടകങ്ങളായ രാജസഭ, ഉപഹാരം, ഒടിയന്, തുടങ്ങിയവയില്‍ വേഷമിട്ടു. കൊച്ചിന് കലാസമിതി, അങ്കമാലി ഭരത കലാക്ഷേത്രം, കോഴിക്കോട് സംഘചേതന, തിരുവനന്തപുരം ഗായത്രി, കോഴിക്കോട് ദേശാഭിമാനി എന്നീ സമിതികളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.1982 മുതല്‍ ആകാശവാണിയില്‍ നാടക ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു.
അങ്കമാലി അഞ്ജലി തിയറ്റേഴ്സ് അവതരിപ്പിച്ച "മഴമേഘപ്രാവുകള്‍' എന്ന നാടകത്തിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. നാടകത്തിൽ ദേവദാസന് മാഷ് എന്ന റിട്ട. അധ്യാപകനെയാണ് അദ്ദേഹം രംഗത്ത് അവതരിപ്പിച്ചത്. സീരിയലുകളിലും പരമ്പരകളിലും ഏതാനും സിനിമകളിലും വേഷമിട്ടിട്ടുണ്ട്.