മേപ്പയ്യൂരിൽ യുഡിഎഫ് കുത്തിയിരിപ്പ് സമരം നടത്തി
1596975
Sunday, October 5, 2025 4:45 AM IST
മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്ന് കെപിസിസി സെക്രട്ടറി അഡ്വ. ഐ. മൂസ അഭിപ്രായപ്പെട്ടു. 2025 ഫെബ്രുവരി രണ്ടു മുതൽ ഒന്പതുവരെ മേപ്പയ്യൂർ ടൗണിൽ നടന്ന മേപ്പയ്യൂർ ഫെസ്റ്റിന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിക്കാതെ മേപ്പയ്യൂർ പഞ്ചായത്ത് ഭരണസമിതി ഒളിച്ചോടുകയാണ്. മേപ്പയ്യൂരിൽ ജൽ ജീവൻ പദ്ധതിയുടെ കുടിവെള്ള ടാങ്ക് നിർമിക്കാനുള്ള സ്ഥലം കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ല.
ഗ്രാമ പഞ്ചായത്തിൽ നടന്ന സിഡിഎസ് അഴിമതിയിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിച്ചില്ല. ജനാധിപത്യ വിരുദ്ധമായ ഇത്തരം നടപടികളിൽ പ്രതിഷേധിച്ച് മേപ്പയ്യൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്പിൽ നടത്തിയ രണ്ടാംഘട്ട സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ഇ.അശോകൻ, കെ.എം.എ. അസീസ്, ടി.കെ.ലത്തീഫ്, കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ്, എം. എം. അഷറഫ്, മുജീബ് കോമത്ത്, കെ.എം. സുരേഷ് ബാബു, സറീന ഒളോറ, ആന്തേരി ഗോപാലകൃഷ്ണൻ, സി.എം. ബാബു, സത്യൻ വിളയാട്ടൂർ, ഷർമിന കോമത്ത്, കെ.കെ. അനുരാഗ്, പ്രസന്നകുമാരി മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു.