പാതയോരത്ത് ഉണങ്ങി നിൽക്കുന്ന മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു
1596976
Sunday, October 5, 2025 4:45 AM IST
കൂരാച്ചുണ്ട്: പാതയോരത്ത് ഉണങ്ങി ദ്രവിച്ചു നിലംപതിക്കാറായി നിൽക്കുന്ന മരം യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. കൂരാച്ചുണ്ട്-പേരാമ്പ്ര റോഡിലെ ചെമ്പ്രക്ക് സമീപം ഈങ്ങോറച്ചാൽ കള്ളുഷാപ്പിന് മുന്പിലാണ് യാത്രക്കാർക്ക് അപകട ഭീഷണിയുയർത്തി ഉണങ്ങിയ മരം നിൽക്കുന്നത്. കഴിഞ്ഞദിവസം ഇതിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് റോഡിൽ പതിച്ചിരുന്നു.
പേരാമ്പ്ര, ചക്കിട്ടപാറ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി ബസുകളും ഒട്ടേറെ സ്വകാര്യ ബസുകളും മറ്റ് വാഹനങ്ങളും സർവീസ് നടത്തുന്ന തിരക്കേറിയ പ്രധാന റോഡാണിത്. കുളത്തുവയൽ സ്കൂളിൽ നിന്നുള്ള വിദ്യാർഥികളും കാൽനടയാത്രയായി ഇതുവഴി സഞ്ചരിക്കാറുണ്ട്.
യാത്രക്കാർക്ക് ഏറെ അപകട ഭീഷണിയായി തീർന്ന മരം മുറിച്ചുനീക്കി സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.