തൊഴിലാളികൾ സമരത്തിലേക്ക്
1597711
Tuesday, October 7, 2025 7:23 AM IST
കോഴിക്കോട്: ജില്ലാ ജനറൽ (ബീച്ച്) ആശുപത്രിയിലെ ദിവസ വേതന ശുചീകരണ ജോലിക്ക് കേരളത്തിലെവിടെയും ഇല്ലാത്ത മാനദണ്ഡങ്ങൾക്കെതിരേ തൊഴിലാളികൾ പ്രതിഷേധങ്ങളിലേക്ക്. പുതിയ ജോലി അഭിമുഖത്തിൽ 50 വയസ് പ്രായ പരിധിയും പത്താം ക്ലാസ് വിജയവുമാണ് യോഗ്യതയായി ആശുപത്രി അധികൃതർ നിശ്ചയിച്ചത്.
സൂപ്രണ്ട് വിവരിക്കുന്നത് 50 വയസ് പിന്നിട്ടവർക്ക് ശാരീരിക ക്ഷമത കുറവാണെന്നും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള കഴിവും വേണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് പത്താം ക്ലാസ് വിജയിക്കണമെന്നും 50 വയസിനു താഴെ പ്രായ പരിധി നിശ്ചയിച്ചതെന്നും അറിയിച്ചത്.
എന്നാൽ ശുചിത്വം, മാലിന്യ നിർമാർജ്ജനം, അണുബാധ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ആരോഗ്യ സ്ഥാപനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അംഗീകാരമായി നൽകുന്ന കായ കല്പ്പം അവാർഡ് കഴിഞ്ഞ വർഷം ആശുപത്രിക്ക് ലഭിച്ചതിൽ മുഖ്യ പങ്ക് വഹിച്ച ഈ ശുചികരണ തൊഴിലാളികളാണ് പുതിയ മാനദണ്ഡപ്രകാരം മാറ്റി നിർത്തപ്പെടുന്നത്.
മാത്രമല്ല, കോവിഡ്, നിപ്പ കാലഘട്ടങ്ങളിൽ സേവനം നടത്തിയ 50 പിന്നിട്ട ശുചികരണ തൊഴിലാളികളും ഈ ജീവനക്കാരിൽ ഭൂരിഭാഗം മേൽ യോഗ്യതാ മാനദണ്ഡങ്ങളാൽ അഭിമുഖത്തിൽ പങ്കെടുക്കാനാവാതെ തൊഴിൽരഹിതരാകും. കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ശുചീകരണ ജോലിക്ക് പ്രായ പരിധി 60 വയസും വിദ്യാഭ്യാസ യോഗ്യതയ്ക്ക് യാതൊരു മാനദണ്ഡവുമില്ല. 2022 ഡിസംബറിലും ആശുപത്രി അധികൃതർ ഇതേ നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനെതിരേ തൊഴിലാളികൾ നടത്തിയ സമരത്തെ തുടർന്ന് ഉത്തരവ് റദ്ദാക്കിയിരുന്നു.
മേൽ യോഗ്യതാ പ്രകാരം ഇന്ന് ബീച്ച് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖം തീർത്തും തൊഴിലാളി വിരുദ്ധമായ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. തൊഴിലാളി പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ തൊഴിലാളികൾ നേരിടുന്ന തൊഴിൽ വിവേചനത്തിൽ മുഖ്യ മന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും ഇടപെടൽ നടത്തണമെന്ന് ലേബർ സർവീസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.
നിലവിൽ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലെ ദിവസ വേതന ശുചീകരണ തൊഴിലിൽ ഒരിടത്തും ഇല്ലാത്ത യോഗ്യതാ മാനദണ്ഡങ്ങൾ അടിച്ചേൽപ്പിക്കുന്ന തൊഴിലാളി വിരുദ്ധ നിയമം ആശുപത്രി വികസന സമിതി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നത്തിന് ഉടനടി പരിഹാരിമായില്ലെങ്കിൽ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും തൊഴിലാളികൾ അറിയിച്ചു.