142 വര്‍ഷം പഴക്കമുള്ള ഫറോക്ക് പഴയ പാലത്തില്‍ ബല പരിശോധന നടത്തിയില്ല
1597699
Tuesday, October 7, 2025 7:23 AM IST
കോഴിക്കോട്: 142 വര്‍ഷം പഴക്കമുള്ള ഫറോക്ക് പഴയ പാലത്തില്‍ ഇതുവരെയും ബല പരിശോധന നടത്തിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ്. കോടികള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴും പാലം സഞ്ചാരയോഗ്യമാണോയെന്ന് പരിശോധിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് പൊതുമരാമത്ത് വകുപ്പിന്റെ മറുപടി.
പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും ചേര്‍ന്നാണ് ഫറോക്ക് പഴയ പാലത്തില്‍ അറ്റകുറ്റപണികള്‍ നടത്തിയത്. ശേഷം വൈദ്യുത ദീപാലങ്കാരവും ചെയ്തു.
പക്ഷെ പാലം സഞ്ചാരയോഗ്യമാണോയെന്ന് പരിശോധിച്ചിട്ടില്ല. 1883ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഇരുമ്പ്പാലം ബലപരിശോധന നടത്തിയതിന്റെ രേഖകള്‍ ലഭ്യമല്ലെന്നാണ് പൊതുപ്രവര്‍ത്തകനായ പി.ബി. സതീഷിന്റെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ലഭിച്ച മറുപടി. പാലത്തിന്റെ അടിഭാഗത്ത് ഗര്‍ഡറുകള്‍ തുരുമ്പെടുത്ത് ദ്രവിച്ച പശ്ചാത്തലത്തിലാണ് വിവരാവകാശ അപേക്ഷ നല്‍കിയത്. പാലത്തില്‍ ബല പരിശോധനയും തുടര്‍ നടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.