എലത്തൂര്‍ മണ്ഡലം അദാലത്ത്: 453 പരാതികള്‍ തീര്‍പ്പാക്കി
1597369
Monday, October 6, 2025 5:27 AM IST
പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ അതിവേഗം ഇടപെടണം: സ്പീക്കർ എ.എൻ. ഷംസീർ
കോഴിക്കോട്: വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തിയ 'കൂടെയുണ്ട്, കരുത്തായി കരുതലായി' പരാതി പരിഹാര അദാലത്തില്‍ പരിഗണിച്ചത് 908 പരാതികള്‍. ഇതില്‍ 453 പരാതികള്‍ അദാലത്തില്‍ തന്നെ തീര്‍പ്പാക്കിയതായി മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു.
ഉദ്യോഗസ്ഥര്‍ കര്‍മോത്സുകരായി പ്രവര്‍ത്തിച്ചുവെന്നതിന്റെ തെളിവാണ് അദാലത്തിന്റെ വിജയമെന്നും കരുത്തോടെ കരുതലായി എന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിവിധ വകുപ്പുകളിലെയും മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെയും ആറ് കോര്പറേഷന് വാര്‍ഡുകളിലെയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അദാലത്തില്‍ പരാതികള്‍ പരിഹരിക്കാനെത്തി. അദാലത്തിലേക്ക് 715 പരാതികളാണ് നേരത്തെ ലഭിച്ചിരുന്നത്.
193 പരാതികള്‍ പുതുതായി ലഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ, സ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതല്‍ ലഭിച്ചത്.തദ്ദേശ സ്ഥാപനങ്ങള്‍ വഴി നേരിട്ടും ഇ ഡിസ്ട്രിക്ട് പോര്‍ട്ടല്‍ വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.
പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥർ അതിവേഗം ഇടപെടണം: സ്പീക്കർ എ.എൻ. ഷംസീർ
കോഴിക്കോട്: ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥ തലത്തിൽ അതിവേഗ ഇടപെടൽ ഉണ്ടാവണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എലത്തൂർ നിയോജക മണ്ഡലം അദാലത്ത് "കൂടെയുണ്ട് കരുത്തായി കരുതലായി' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ഏറ്റവും ആത്യന്തികമായ യജമാനന്മാർ ജനങ്ങളാണെന്ന ചിന്തയോടെയുള്ള ഇടപെടലാണ് ഉണ്ടാവേണ്ടത്.
വികസന ലക്ഷ്യത്തിലേക്കെത്താൻ വിയോജിപ്പുകൾ മാറ്റിവച്ച് ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരാതികൾ പരിഹരിക്കാൻ ആത്മാർത്ഥമായ ശ്രമമാണ് സർക്കാർ തലത്തിൽ നടക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നിയമനിർമ്മാണ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്ന സഭയാണ് കേരള നിയമസഭയെന്നും സ്പീക്കർ പറഞ്ഞു.
വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ പരാതികളില്‍ ഏതെങ്കിലും കാരണത്താല്‍ തീരുമാനം വൈകുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ഷീബ, പി.പി. നൗഷീർ, കെ.ടി. പ്രമീള, കൃഷ്ണവേണി മാണിക്കോത്ത്, സി. എം. ഷാജി, എ. സരിത, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, എഡിഎം പി. സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.