കൃഷിയിടത്തിലെത്തുന്ന വന്യജീവികളെ ഇനി"സ്കേര്‍ഡ്ജ്' തുരത്തും
1597715
Tuesday, October 7, 2025 7:23 AM IST
പേരാമ്പ്ര: രാത്രി കാലങ്ങളില്‍ കൃഷി നശിപ്പിക്കാനെത്തുന്ന വന്യജീവികളെ ഭയപ്പെടുത്തി തുരത്തുന്നതിനായി പെരുവണ്ണാമൂഴി എംടെക് ഇലക്ട്രോണിക്സ് ഉടമ ഡോ. എം.എ. ജോൺസൺ വികസിപ്പിച്ചെടുത്ത പുതിയ ഉത്പന്നം സ്കേര്‍ഡ്ജ് പുറത്തിറക്കി. ശബ്ദവും വെളിച്ചവും പുറപ്പെടുവിച്ച് വന്യമൃഗങ്ങളെ തുരത്തി ഓടിക്കുന്നതിനായി നൂതന സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഒരു ഫുള്‍ ഓട്ടോമാറ്റിക് മള്‍ട്ടി ഫംഗ്ഷന് ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കല്‍ ഉത്പന്നമാണിത്. സോളാർ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സ്കേര്‍ഡ്ജ് രാത്രിയാവുമ്പോള്‍ ഓട്ടോമാറ്റിക്കായി ഓണ്‍ ആവും.
രാവിലെ ഇതേ പോലെ ഓഫ് ആകുകയും ചെയ്യും. ഓരോ പത്ത് മിനിറ്റ് കൂടുമ്പോൾ ഇടവിട്ട് 20 സെക്കൻഡ് നേരം കറങ്ങി ശബ്ദവും വെളിച്ചവുണ്ടാക്കിയാണ് സ്കേർഡ്ജിന്റെ പ്രവർത്തനം. 100 മീറ്റര്‍ ലേസര്‍ കണ്ട്രോളില് ആറ് ചാനല്‍ ബീക്കണ്‍ ശബ്ദമാണ് ഉയര്‍ത്തുന്നത്. ശബ്ദമില്ലാത്ത 10 മിനുട്ട് സമയം മൃഗങ്ങള്‍ക്ക് അലോസരമാവുന്ന നീല വെളിച്ചവും ഇത് പുറപ്പെടുവിക്കുന്നു.
മലയോര മേഖലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന വന്യമൃഗശല്യ ദുരിതത്തിന് അറുതി വരുത്തുന്നതിനായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം അധികൃതരുടെ നിരന്തര ആവശ്യ പ്രകാരമാണ് പുതിയ ടെക്നോളജി ഉപയോഗപ്പെടുത്തി ഈ പുതിയ ഉത്പന്നം വികസിപ്പിച്ചെടുത്തത്.
പെരുവണ്ണാമൂഴി എം ടെക് ഇന്ഡസ്ട്രീസില് ഇന്നലെ നടന്ന ചടങ്ങില്‍ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഓർഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന് സ്കേര്‍ഡ്ജ് കൈമാറി.
കർഷകർ നേരിട്ടു കൊണ്ടിരിക്കുന്ന ഏറ്റവും വലിയ വന്യമൃഗശല്യ പ്രതിസന്ധി പരിഹരിക്കാന്‍ ജോണ്സന് വികസിപ്പിച്ചെടുത്ത ഉത്പന്നംകൊണ്ട് കഴിയുമെന്ന് കെ. സുനില്‍ പറഞ്ഞു. ചക്കിട്ടപാറ പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡിയില്‍ ഇത് ലഭ്യമാക്കാന്‍ കഴിയുമോ എന്ന കാര്യം അടുത്ത ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.
നിലവിൽ ഏഴായിരം രൂപയോളമാകും ഉപകരണത്തിന്റെ ഉത്പാദന ചെലവെന്ന് ഡോ. എം.എ. ജോൺസൺ വ്യക്തമാക്കി. കൃഷിയിടങ്ങളുടെ അതിരിലാണ് ഇത് സ്ഥാപിക്കേണ്ടത്. വന്യമൃഗ ശല്യത്തിന് പ്രതിവിധി എന്ന കർഷകരുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് എം.എ. ജോൺസന്റെ സഹായം തേടിയതെന്ന് കൃഷി വിജ്ഞാൻ കേന്ദ്രം പ്രോഗ്രാം കോഓർഡിനേറ്റർ പി. രാധാകൃഷ്ണൻ പറഞ്ഞു. കൃഷി വിജ്ഞാന കേന്ദ്രം ഉൾപ്പെടുന്ന പെരുവണ്ണാമൂഴി ദേശീയ സുഗന്ധവിള തോട്ടം മേഖലയിലും വന്യമൃഗശല്യ ഭീഷണിയുണ്ട്. ഇത് പ്രതിരോധിക്കുന്നതിന് എംടെക് സ്ഥാപനത്തിന്റെ നൂതന ഉപകരണം സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജൻ വർക്കി