ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വീടിന് നികുതി അടക്കാന്‍ ഗൃഹനാഥന് നോട്ടീസ്!
1536652
Wednesday, March 26, 2025 6:16 AM IST
നാദാപുരം: ജൂലൈ 30ന് വിലങ്ങാടുണ്ടായ ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന വീടിന് കെട്ടിട നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്. മഞ്ഞച്ചീളി നിവാസി പന്തലാടിക്കല്‍ സോണി ഏബ്രഹാമിനാണ് വാണിമേല്‍ പഞ്ചായത്തിന്റെ നോട്ടീസ് അയച്ചത്.
നികുതി അടക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. മഞ്ഞച്ചീളിയിലെ വീടിന്റെ അടിത്തറ പോലും നാമാവശേഷമായിരുന്നു. വീട് സ്ഥിതി ചെയ്ത സ്ഥലത്ത് പാറക്കല്ലുകളും മണ്കൂനയുമാണ് ഇപ്പോഴുള്ളത്.
ദുരന്തത്തിന് ശേഷം സോണി ഇരിട്ടിയില്‍ വാടക വീട്ടിലാണ് താമസം. ഇന്നലെ വിലങ്ങാട് എത്തിയപ്പോഴാണ് വിലങ്ങാട് പോസ്റ്റോഫീസില്‍ നിന്ന് നോട്ടീസ് ലഭിച്ചത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം 360 രൂപ നികുതി അടക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തനിക്ക് വീടില്ലെന്നും വീട് തകര്‍ന്നവരുടെ വിഭാഗത്തില്‍ തന്റെപേരും ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റ് പഞ്ചായത്ത് സര്‍ക്കാരിന് നല്‍കിയതാണെന്നും സോണി പറഞ്ഞു. അങ്ങനെയുള്ള തനിക്ക് എന്തിനാണ് പഞ്ചായത്ത് നോട്ടീസ് അയച്ചതെന്നാണ് സോണിയുടെ ചോദ്യം. എന്നാല്‍, വീട് നഷ്ടപ്പെട്ടതിനാല്‍ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
സോണി അപേക്ഷ നല്‍കിയിട്ടുണ്ടാവില്ലെന്നും അതാണ് നോട്ടീസ് ലഭിച്ചതെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. വീട് പൂര്‍ണമായി നഷ്ടപ്പെട്ട 21 പേരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ആ ലിസ്റ്റില്‍ തന്റെ പേരുണ്ടെന്ന് സോണി പറഞ്ഞു.