ഭവന നിര്‍മാണത്തിനു മുന്‍ഗണന നല്കി കൊയിലാണ്ടി നഗരസഭ ബജറ്റ്
1536851
Thursday, March 27, 2025 5:27 AM IST
കൊയിലാണ്ടി: ഭവന നിര്‍മാണത്തിനും തൊഴില്‍ സംരംഭങ്ങള്‍ക്കും ടൂറിസത്തിനും നഗരസൗന്ദര്യ വത്കരണത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് തയാറാക്കിയ കൊയിലാണ്ടി നഗരസഭയുടെ 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്മാന് അഡ്വ. കെ സത്യന് അവതരിപ്പിച്ചു. 150,23,41,418 രൂപ വരവും 127,49,52,606 രൂപ ചെലവും 22,73,88,812 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. ബജറ്റ് സംബന്ധിച്ച് കൗണ്‍സിലര്‍മാരുടെ ചര്‍ച്ച നാളെ നടക്കും.
കൊയിലാണ്ടി നഗരത്തിന്റെ കിഴക്ക് ഭാഗം ബസ് സ്റ്റാൻഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് ബജറ്റില്‍ ഒരു കോടി രൂപയും നഗരസഭാ ശ്മശാനം പൂര്‍ത്തീകരണത്തിന് രണ്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നിലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി 227 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിക്കും.
നഗരസഭാ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് സെപ്തംബര്‍ മാസം ജനങ്ങള്‍ക്കായി തുറന്ന് നല്‍കുമെന്നും ബജറ്റില്‍ പറയുന്നു. കാലിക്കട്ട് സര്‍വകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസ് പെരുവട്ടൂരില്‍ സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 25 ലക്ഷം രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. ഖര-ദ്രവ മാലിന്യ സംസ്ക്കരണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനും ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തില്‍ 400 കോടി രൂപയുടെ പദ്ധതിയും ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്.
ഷീ ഹോസ്റ്റല്‍ പൂര്‍ത്തീകരണത്തിനും നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് ഫ്ളൈ ഓവറിനുതാഴെ പാര്‍ക്കിംഗ് ഒരുക്കുന്നതിനുമായി 50 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. കൊയിലാണ്ടി റെയില്‍വെ ഫൂട്ഓവര്‍ ബ്രിഡ്ജ് കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടുകൂടി നിര്‍മിക്കും.
നഗരഹൃദയത്തില്‍ ഷീ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിന് യുഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപയുടെ പദ്ധതിയ്ക്കും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. നഗര റോഡ് വികസനത്തിനും സൗന്ദര്യവത്ക്കരണത്തിനും യുഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപയുടെ പദ്ധതി, വലിയമലയില്‍ മിനി ഇന്‍ഡസ്ട്രിയല്‍ പാര്ക്കിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 25 ലക്ഷം രൂപ,
വരകുന്ന് വനിത പരിശീലന കേന്ദ്രത്തില്‍ കുടുംബശ്രീ ട്രെയിനിംഗ് സെന്റര്‍ ഒരുക്കുന്നതിന് 25 ലക്ഷം രൂപ, നഗരത്തില്‍ ഓപ്പണ്‍ ജിം സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ, നഗരത്തില്‍ കായിക പാര്‍ക്കിനായി സര്‍ക്കാര്‍ സഹായത്തോടെ ഒരു കോടി രൂപയുടെ പദ്ധതി എന്നിവയും അനുവദിച്ചിട്ടുണ്ട്.