തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തണം: മന്ത്രി ഡോ. ആർ. ബിന്ദു
1532827
Friday, March 14, 2025 5:09 AM IST
കുറ്റ്യാടി: അഭ്യസ്ഥവിദ്യരായ തൊഴിൽ അന്വേഷകരുടെ പ്രശ്നം അഭിസംബോധന ചെയ്യാവുന്ന വിധം തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള നൈപുണ്യ വിടവ് നികത്താവുന്ന തരത്തിലുള്ള കോഴ്സുകൾക്ക് പ്രാധാന്യം നൽകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. മൊകേരി ഗവ. കോളജിൽ പുതുതായി നിർമിച്ച അക്കാദമിക് ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇക്കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം 6000 കോടി രൂപ വിനിയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര എക്കണോമിക് റിവ്യൂവിൽ വളരെ അഭിമാനകരമായി പരാമർശിച്ചിട്ടുണ്ട്. ഈ സർക്കാരിന്റെ കാലത്ത് അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് മാത്രം 1500 കോടിയിലധികം രൂപ ചെലവഴിച്ചിട്ടുണ്ട്.
ഇതിലൂടെ സർവകലാശാലകളിലും കോളജുകളിലും സ്മാർട്ട് ക്ലാസ് റൂമുകളും അക്കാദമിക് ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്ററുകളും ഉന്നത നിലവാരത്തിലുള്ള ലാബ്, ലൈബ്രറികൾ എന്നിവയും നിർമിക്കാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിർമിത ബുദ്ധിയുടെ കാലഘട്ടത്തിൽ പുതിയ രീതിയിലുള്ള കോഴ്സുകൾ വിദ്യാർഥികൾക്ക് നൽകാനാവണം. അതിനായി സമഗ്രമായ കരിക്കുലം പരിഷ്കരണം ഏറ്റെടുത്തുകൊണ്ട് ചരിത്രത്തിലാദ്യമായി ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് തൊഴിൽ അധിഷ്ഠിതമായും ഗവേഷണ താൽപര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് പുതിയ ഒരു കരിക്കുലം രൂപീകരിച്ച് നാലു വർഷ ബിരുദ പ്രോഗ്രാം വിജയകരമായി മുന്നോട്ട് കൊണ്ടു പോകാൻ സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു.