മുക്കം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ 15 മുതൽ
1532825
Friday, March 14, 2025 5:09 AM IST
മുക്കം: മുക്കം നഗരസഭ കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ 15, 16,17 തീയതികളിൽ മുക്കം പിസി തിയറ്ററിൽ വച്ച് നടക്കുമെന്ന് സംഘാടകർ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നഗരസഭ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം 15 ന് വൈകുന്നേരം ഏഴിന് എംഎൽഎ ലിന്റോ ജോസഫ് നിർവഹിക്കും. പ്രശസ്ത ചലച്ചിത്ര പ്രവർത്തകയായ ദീദി ദാമോദരൻ, കഥാകൃത്തും അഭിനേതാവുമായ രഘുനാഥ് പാലേരി തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും.
ചലചിത്ര പ്രേമികൾക്ക് ലോകത്തിലെ മികച്ച സിനിമകൾ കാണുന്നതിനും ആസ്വദിക്കുന്നതിനും അവസരമൊരുക്കുക, ഒരു പുതിയ ചലച്ചിത്ര ആസ്വാദന സംസ്കാരം വളർത്തിയെടുക്കുക, സിനിമാമേഖലയിലെ പുതിയ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ നഗരസഭലക്ഷ്യം വയ്ക്കുന്നത്.
മൂന്നു ദിവസമായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ ലോകനിലവാരത്തിലുള്ള ചലച്ചിത്രങ്ങളുടെ പ്രദർശനം, പ്രാദേശിക സിനിമാ പ്രവർത്തകരുടെ ആവിഷ്കാരങ്ങളുടെ അവതരണം, സിനിമ പ്രവർത്തകരുമായുള്ള സംവാദം, ഓപ്പൺ ഫോറം എന്നിവ സംഘടിപ്പിക്കുന്നുണ്ട്. നഗരസഭ ചെയർമാൻ പി.ടി. ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, പ്രതിപക്ഷ നേതാവ് വേണു കല്ലുരുട്ടി, കെ.വി. വിജയൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.