ജീവനു ഭീഷണിയായ വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ ജനങ്ങളുടെ കൂട്ടായ്മ
1532498
Thursday, March 13, 2025 5:12 AM IST
കര്‍ഷകരെ സംരക്ഷിക്കാന്‍ ജനകീയ സമിതി
കാവിലുംപാറ: ജനങ്ങളുടെ ജീവനു ഭീഷണിയാവുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ ഏതു വിധേനയും പ്രതിരോധിക്കാന്‍ മലയോരത്തെ ജനങ്ങള്‍ സംഘടിക്കുന്നു. ചാത്തന്‍കോട്ടുനട സോഫിയ പാരിഷ്ഹാളില്‍ ചേര്‍ന്ന കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ സര്‍വകക്ഷി നേതാക്കളുടെയും കര്‍ഷകരുടെയും സംയുക്ത യോഗമാണ് വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള തീരുമാനമെടുത്തത്.
ഇതിന്റെ പേരിലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കു വനംവകുപ്പു മാത്രമായിരിക്കും ഉത്തരവാദിയെന്ന് യോഗം വ്യക്തമാക്കി. വന്യമൃഗങ്ങളെ പ്രതിരോധിച്ചതിന്റെ പേരില്‍ കൃഷിക്കാരെയും മറ്റ് ജനവിഭാഗത്തെയും അമര്‍ച്ച ചെയ്യാനോ ഉപദ്രവിക്കാനോ വന്നാല്‍ അതിനെ ശക്തമായി ഒന്നിച്ചുനിന്ന് ചെറുക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.
കര്‍ഷകരുടെ സംരക്ഷണത്തിനായി 100 അംഗങ്ങള്‍ അടങ്ങിയ ജനകീയ പ്രതിരോധ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തില്‍ വനം നിയമത്തില്‍ ഭേദഗതിവേണമെന്ന് യോഗം ആവശ്യപ്പെട്ടു.
വനത്തില്‍ ജീവിക്കേണ്ട വന്യമൃഗങ്ങളെ വനത്തിനുള്ളില്‍തന്നെ ജീവിക്കാനും അവയെ വനത്തിനുള്ളില്‍ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കാണെന്ന് യോഗം വിലയിരുത്തി.അതിനു ഉദ്യോഗസ്ഥര്‍ക്ക് സാധിക്കാത്തതാണ് ഇപ്പോഴുള്ള സാഹചര്യം സൃഷ്ടിച്ചത്. തങ്ങള്‍ക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇവിടെ ജീവിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. തങ്ങളുടെ ദയനീയ അവസ്ഥ അവര്‍ യോഗത്തില്‍ തുറന്നുകാട്ടി.
കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ 45 ശതമാനം വനപ്രദേശമാണ്. വനംസംരക്ഷിച്ചുപോന്നപ്പോള് വന്യമൃഗങ്ങള്‍ക്കും സംരക്ഷണംലഭിച്ചു. എന്നാല്‍, ഇപ്പോള്‍ സ്ഥിതിമാറി. വന്യമൃഗങ്ങള്‍ കാടിറങ്ങാന്‍ തുടങ്ങി. തൊട്ടില്‍പാലം ടൗണിലടക്കം വന്യമൃഗങ്ങളുശട വിഹാരമാണിപ്പോള്.
കാട്ടാന, പന്നി, കുരങ്ങ്, മലയണ്ണാന്, മരപ്പട്ടി എന്നിവയുടെ ശല്യം കാരണം കര്‍ഷകര്‍ പൊറുതിമുട്ടി. മിക്ക കര്‍ഷകരും കൃഷി നിര്‍ത്തി. കൃഷിചെയ്യാത്ത കര്‍ഷകഗ്രാമമായി കാവിലുംപാറ മാറിയതായി യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി. നശിച്ചപോയ കാര്‍ഷിക മേഖല തിരിച്ചുപിടിക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോര്‍ജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു പെരുവേലി ഉദ്ഘാടനം ചെയ്തു. ഫാ. എബിന്, ജോയി കണ്ണഞ്ചിറ, എ.ആര്. വിജയന്, ബോബി മൂക്കന്‍തോട്ടം, അജി ചാപ്പന്‍തോട്ടം, പി.ജി. സത്യനാഥ്, ഷാന്റി കണ്ടത്തില്‍, രമേശന് മണലില്‍, വി.പി സുരേഷ്, ജോര്‍ജ്കുട്ടി തകടിയേല്‍, ജോസ് ഇല്ലിക്കല്‍, വില്‍സണ്‍ പുല്ലാട്ട് എന്നിവര്‍ പ്രസംഗിച്ചു.