വന്യ ജീവികളെ വെടിവച്ചു കൊല്ലുമെന്ന നിലപാടിൽനിന്ന് പിന്നോട്ടില്ല
1532820
Friday, March 14, 2025 5:09 AM IST
കർമ്മ പദ്ധതികൾക്കും പ്രക്ഷോഭങ്ങൾക്കും ഒരുങ്ങി ചക്കിട്ടപാറ പഞ്ചായത്ത്
പേരാമ്പ്ര: നാട്ടിലിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന വന്യ ജീവികളെ വെടി വച്ചു കൊല്ലുമെന്ന ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനം ഫലപ്രദമായി പ്രവർത്തന പഥത്തിലെത്തിക്കാനുള്ള കർമ്മ പദ്ധതികൾക്കും പ്രക്ഷോഭങ്ങൾക്കും ഇന്നലെ ചേർന്ന ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതി രൂപം നൽകി.
വിഷയത്തിൽ പഞ്ചായത്ത് നിവാസികളുടെ അഭിപ്രായം സ്വരൂപിക്കാൻ ഈ മാസം 19, 20, 21 തിയതികളിൽ പ്രത്യേക ഗ്രാമ സഭകൾ ചേരും. 24 ന് ആയിരക്കണക്കിന് ബഹുജനങ്ങളെ അണിനിരത്തി പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസ് ഉപരോധിക്കും. പാനൽ ഷൂട്ടർമാരും ഭരണസമിതിയും ചേർന്നുള്ള സംയുക്ത യോഗമാണ് ഇന്നലെ ആദ്യം നടന്നത്.
ജനങ്ങളുടെ പ്രശ്നത്തിൽ പിന്നോട്ടു പോകുന്ന പ്രശ്നമില്ലെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു. ജനകീയ പ്രശ്നം ഒരു ഗ്രാമപഞ്ചായത്ത് ഭരണസമിതി ഉയർത്തുമ്പോൾ വെല്ലുവിളി മനോഭാവത്തോടെ വനം വകുപ്പ് അതിനെ കാണുന്നത് അംഗീകരിച്ചു കൊടുക്കാനാവില്ല.
ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റിനു സർക്കാർ നൽകിയ പദവി പിൻവലിക്കാൻ ശിപാർശ നൽകുന്നതിനു പകരം ഉന്നയിച്ച ജനകീയ പ്രശ്നം സമവായത്തിലൂടെ പരിഹരിക്കാനായിരുന്നു വനം മേധാവികൾ ശ്രദ്ധിക്കേണ്ടിയിരുന്നത്. ധിക്കാരപരമായ സമീപനം ശരിയല്ല.
പ്രശ്നത്തിൽ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് രേഖാപരമായി സർക്കാറിനെ അറിയിച്ചാൽ15 ദിവസത്തിനുള്ളിൽ മറുപടി തരണം. അല്ലാത്ത പക്ഷം തീരുമാനം പ്രാബല്യത്തിൽ വരും. ഇതിൻമേൽ പഞ്ചായത്ത് ഭരണ സമിതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും പ്രസിഡന്റ് യോഗത്തിൽ അറിയിച്ചു.
ഭരണ സമിതി മുമ്പെടുത്ത തീരുമാനങ്ങൾക്ക് പൂർണ പിന്തുണ കക്ഷിഭേദമില്ലാതെ മറ്റ് അംഗങ്ങൾ വീണ്ടും അറിയിച്ചു. നിയമപരമായും രേഖാ പരമായും ഉത്തരവ് തന്നാൽ നടപ്പിലാക്കാൻ തയാറാണെന്ന് ഷൂട്ടർമാരുടെ പ്രതിനിധികളും യോഗത്തിൽ പറഞ്ഞു.
വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, ഭരണ സമിതി അംഗങ്ങളായ കെ.എ. ജോസ് കുട്ടി, സി.കെ. ശശി, ജിതേഷ് മുതുകാട്, ബിന്ദുവത്സൻ, ഇ.എം. ശ്രീജിത്ത്, ആലീസ് പുതിയേടത്ത് തുടങ്ങിയവരും പാനൽ ഷൂട്ടർമാരായ പി.പി. സുനിൽ, ജോർജ് മാത്യു, ബേബി കുരിശുംമൂട്ടിൽ, ബാലകൃഷ്ണൻ കളരിക്കൽ, ഉണ്ണി ചക്കിട്ടപാറ എന്നിവരും പ്രസംഗിച്ചു.