കുരങ്ങുകള്‍ ജീവനു ഭീഷണി: നിവൃത്തിയില്ലാതെ കര്ഷകന് 18 തെങ്ങുകളുടെ മണ്ട വെട്ടിമാറ്റി
1532497
Thursday, March 13, 2025 5:12 AM IST
ടി.ഇ. രാധാകൃഷ്ണന്
നാദാപുരം: "ഒത്തിരി കാലമായി ആലോചിക്കുകയാണ് എന്തു ചെയ്യുമെന്ന്. ഒടുവില്‍ നിവൃത്തികേടുകൊണ്ടാണ് ഇങ്ങനെ ചെയ്തത്. സമാധാനമായി ഞങ്ങള്‍ക്കു ജീവിക്കേണ്ടെ?' കൃഷിയിടത്തിലെ 18 തെങ്ങുകളുടെ മണ്ട വെട്ടിക്കളഞ്ഞ വിലങ്ങാട് ഇന്ദിര നഗര്‍ വാളൂക്ക് സ്വദേശി പുതുപള്ളി ജോഷിയുടേതാണ് ഈ വാക്കുകള്‍. കുരങ്ങുകള്‍ തേങ്ങയും ഇളനീരും മച്ചിങ്ങയുമെല്ലാം നശിപ്പിക്കുകയാണ്. അതുപിന്നേം സഹിച്ചാലും ഭാര്യയെയും മക്കളെയും കുരങ്ങുകള്‍ ഉപദ്രവിക്കാന്‍ തുടങ്ങിയാല്‍ പിന്നെ എന്തുചെയ്യും? ജോഷി ചോദിക്കുന്നു.
തേങ്ങയും ഇളനീരും ലക്ഷ്യമാക്കിയാണ് കുരങ്ങന്മാര് തോട്ടത്തിലെത്തുന്നതും അവ പിന്നീട് കുടുംബാംഗങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നത്. ആരോടും പരാതി പറഞ്ഞിട്ടും ഒരു കാര്യവുമില്ല. തെങ്ങല്ലല്ലോ, മനുഷ്യജീവനല്ലേ വലുത്? ജോഷി ചോദിക്കുന്നു.
തേങ്ങയ്ക്കു നല്ല വിലയുണ്ടെങ്കിലും അതിന്റെ ഗുണമൊന്നും ജോഷിക്കു ലഭിക്കുന്നില്ല. കൂട്ടമായി എത്തുന്ന കുരങ്ങന്മാര് വീട്ടിലെ ആവശ്യങ്ങള്‍ക്കുപയോഗിക്കാനുള്ള തേങ്ങപോലും ബാക്കിവയ്ക്കുന്നില്ല. മുന്‍പ് തെങ്ങുകളില്‍ നിന്ന് നല്ല വരുമാനം ലഭിച്ചിരുന്നു.
വനമേഖലയില്‍നിന്നു കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ കൃഷി നശിപ്പിക്കുന്നതു കൂടാതെ വീടിന്റെ മുറ്റത്ത് പോലും എത്തി ഭാര്യയെയും മക്കളെയും ആക്രമിക്കുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികളായ മക്കള്‍ കുരങ്ങുകളെ പേടിച്ച് പുറത്തിറങ്ങാന്‍ മടിക്കുന്നു. അങ്ങനെയാണ് ആകെയുള്ള 22 തെങ്ങുകളില്‍ 18 എണ്ണത്തിന്റെയും മണ്ട വെട്ടിമാറ്റാന്‍ ജോഷി തീരുമാനിച്ചത്.
നരിപ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് മൂന്നിലെ താമസക്കാരനാണ് ജോഷി. കുരങ്ങുകള്‍ തേങ്ങയും കരിക്കും പറിച്ചെടുത്ത് വീട്ടുമുറ്റത്തേക്കാണ് എറിയുന്നത്. ആളുകളെ കണ്ടാല്‍ അവര്‍ക്കു നേരെയും എറിയും. ഇതുകാരണം നോക്കിയും കണ്ട് വീടിനു പുറത്തിറങ്ങേണ്ട ഗതികേടിലാണ് വീട്ടുകാര്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് കുരങ്ങുശല്യം വര്‍ധിച്ചത്.
കുരങ്ങ് ശല്യം വർധിച്ചതോടെ അധികൃതര്‍ക്കെല്ലാം നിരവധി തവണ പരാതികള്‍ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. സ്വന്തം ജീവന് രക്ഷിക്കാനായി ഏറെ വേദനയോടെയാണ് ജോഷി കടുത്ത തീരുമാനമെടുത്തത്. കുരങ്ങുശല്യം കാരണം ഈ പ്രദേശത്തെ മിക്ക വീട്ടുകാരുടെയും അവസ്ഥ ദുസഹമാണന്നും ജോഷി ചൂണ്ടിക്കാട്ടി.